കാഞ്ഞങ്ങാട് മന്യോട്ട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു അബ്ദുള്ള-ഖദീജ ദമ്പതികളുടെ മകള്‍ രാജേശ്വരിയുടെ കഴുത്തില്‍ വിഷ്ണുപ്രസാദ് താലി ചാര്‍ത്തിയത്. അബ്ദുള്ളയുടെ വളര്‍ത്തു മകളാണ് തഞ്ചാവൂര്‍ സ്വദേശിയായ രാജേശ്വരി. ഏഴോ എട്ടോ വയസുള്ളപ്പോഴാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തുന്നത്. അച്ഛനും അമ്മയും മരിച്ച ശേഷം നാട്ടിലേക്ക് പോയില്ല.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അച്ഛന്‍ ശരവണന്‍ കാസര്‍കോട്ടും മേല്‍പ്പറമ്പിലുമായി കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്. ഏറെക്കാലം അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും ജോലി ചെയ്തിരുന്നു. അങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തിയത്. അച്ഛനും അമ്മയും മരിച്ചതോടെ, അബ്ദുള്ളയുടെയും ഖദീജയുടെയും മകളായി രാജേശ്വരി വളര്‍ന്നു. അബ്ദുള്ളയുടെ മറ്റു മക്കള്‍ക്ക് രാജേശ്വരി സഹോദരിയുമായിരുന്നു.
രാജേശ്വരിക്ക് 22 വയസായതോടെയാണ് വിവാഹാലോചനകള്‍ തുടങ്ങിയത്. നിരവധി ആലോചനകള്‍ വന്നതില്‍, കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശി ബാലചന്ദ്രന്‍-ജയന്തി ദമ്പതികളുടെ മകന്‍ വിഷ്ണുപ്രസാദിനെയാണ് കുടുംബത്തിന് ഇഷ്ടപ്പെട്ടത്. അബ്ദുള്ളയും വീട്ടുകാരും വിഷ്ണുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. കല്യാണം ക്ഷേത്രത്തില്‍ വെച്ച് വേണമെന്നായിരുന്നു വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മുസ്ലീം സമുദായക്കാര്‍ക്ക് കൂടി കയറാവുന്ന മന്യോട്ട് ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന വിവാഹത്തില്‍ അബ്ദുള്ളയുടെ 84കാരിയായ മാതാവ് സഫിയുമ്മ ഉള്‍പ്പടെ ബന്ധുക്കളെല്ലാം പങ്കെടുത്തിരുന്നു.