ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടി കാറപകടത്തില്‍ പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സഹോദരന്‍ മനോജ് സിംഗ് സെംഗാര്‍, കൂട്ടാളികളായ എട്ട് പേര്‍ എന്നിവര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തു. കൊലക്കുറ്റത്തിന് പുറമേ ക്രിമിനല്‍ ഗൂഢാലോചനയും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എംഎല്‍എക്ക് പങ്കുണ്ടെന്നാരോപിച്ച് പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും രംഗത്തെത്തിയതോടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രണ്ട് ബന്ധുക്കള്‍ ഇന്നലെ മരിച്ചിരുന്നു. അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയിലാണ്.
വാഹനാപകടമാണെന്ന് പോലീസ് പറയുമ്പോഴും കേസ് സിബിഐക്ക് വിടാന്‍ തയ്യാറാണെന്ന് ലഖനൗ ഡിഐജി വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ എം എല്‍ എ പീഡിപ്പിച്ച കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ജയിലിലാണ്. 2017ല്‍ ജോലി തേടി ബന്ധുവിനൊപ്പം വീട്ടിലെത്തിയ പെണ്‍കുട്ടിയെ എംഎല്‍എ പീഡിപ്പിച്ചെന്നാണ് കേസ്.
ഞായറാഴ്ചയാണ്‌പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ലോറിയിടച്ചത്. പരാതിക്കാരിയായ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയുടെ അമ്മായിയും സഹോദരിയുമാണ് മരിച്ചത്. റായ്ബറേലി ജില്ലാ ജയിലിലുള്ള യുവതിയുടെ അമ്മാവനെ കാണാന്‍ പോകുന്നവഴിയാണ് അപകടമുണ്ടായത്.
ഉച്ചയോടെ അടോറ ഔട്ട്‌പോസ്റ്റിന് സമീപത്തായിരുന്നു അപകടം. ഇടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രക്കിന്റെ ഉടമയും ഡ്രൈവറും അറസ്റ്റിലായെന്ന് പൊലീസ് പറയുന്നു. പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.