പരാതിക്കാരിയായ യുവതിയോടൊപ്പം ബിനോയ് കോടിയേരി മുംബൈയില്‍ താമസിച്ചതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം. ഫ്‌ളാറ്റിലും ഹോട്ടലിലും ഇരുവരും ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കേസന്വേഷണത്തിനായി മുംബൈയില്‍ നിന്നെത്തിയ സംഘം കണ്ണൂരില്‍ തുടരുകയാണ്. ബിനോയിയെ ചോദ്യം ചെയ്യാനാണ് സംഘമെത്തിയത്. എന്നാല്‍ ഇദ്ദേഹത്തെ ബന്ധപ്പെടാനായിട്ടില്ല, മൊബൈലില്‍ ലഭ്യവുമല്ല. ബിനോയ് ഒളിവിലാണെന്നാണ് സൂചന.
72 മണിക്കൂറിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിനോയ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായാണ് സൂചന. സംഘം ന്യൂമാഹി സ്റ്റേഷനിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്. ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും കഴിഞ്ഞദിവസം കണ്ണൂര്‍ എസ്പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഓഷിവാര പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി യെടുക്കുകയായിരുന്നു. ജൂണ്‍ 13 നാണ് യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തത്. ദുബായിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ഉള്ളടക്കം.
ബിനോയ് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചെന്നും ഇവര്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ 5 കോടി ആവശ്യപ്പെട്ട് യുവതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിനോയ് കോടിയേരിയും ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ അറിയാം. ഞാന്‍ അവരെ കല്യാണം കഴിച്ചതാണെന്നും അതില്‍ കുട്ടിയുണ്ടെന്നും ആറുമാസം മുന്‍പ് യുവതി അവകാശപ്പെട്ടിരുന്നു.
5 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തു. ഇതില്‍ കണ്ണൂര്‍ ഐജിക്ക് താന്‍ പരാതി നല്‍കി. ഈ കേസില്‍ യുവതിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. വിവാഹിതനാണെന്ന കാര്യം എവിടെയും മറച്ചുവെച്ചിട്ടില്ല. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.