കോവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കെ രാജ്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നെടുവീർപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഡോക്ടര്‍ തൃപ്തി ഗിലാഡ. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നില്‍ കോവിഡ് ബാധിച്ച് ആളുകള്‍ ചികിത്സ തേടി ആശുപത്രികള്‍ കയറിയിറങ്ങുമ്പോള്‍, രോഗികള്‍ക്ക് ഇടം നല്‍കാനാവാതെ ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണെന്ന് ഡോക്ടര്‍ തൃപ്തി പറയുന്നു. നിരാശയുടെയും നിറ കണ്ണുകളോടെയുമാണ് തൃപ്തി തന്റെ അനുഭവങ്ങൾ വീഡിയോയിൽ പങ്കുവെച്ചത്.
ഡോക്ടർ തൃപ്തിയുടെ വീഡിയോ സന്ദേശത്തിൽ പറയുന്നത്
ഇന്ന് വരെ ഇങ്ങനെയൊരു സാഹചര്യം കാണേണ്ടി വന്നിട്ടില്ല. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവുന്നില്ല. മറ്റു ഡോക്ടര്‍മാരെ പോലെ ഞാനും വിഷമത്തിലാണ്, എന്താണ് ചെയ്യേണ്ടതെന്നറിയില്ല, എന്റെ ദുഃഖം നിങ്ങളോട് പങ്കു വെച്ചാല്‍, ഒരു പക്ഷെ നിലവിലെ സാഹചര്യത്തെ കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്താനായാല്‍ എന്റെ മനസിന് കുറച്ച് സമാധാനം ലഭിക്കുമായിരിക്കും. ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പാട് രോഗികളെ പരിചരിക്കേണ്ടതുണ്ട്. ആശുപത്രികളിലിടമില്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ പോലും വീടുകളിലാണ് ചികിത്സ നല്‍കുന്നത്. ഞങ്ങള്‍ക്കത് ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല.
സ്വയം സുരക്ഷിതരായിരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇതു വരെ കോവിഡ് പിടിപെട്ടിട്ടില്ലാത്തവരും രോഗം വന്നു പോയവരും തങ്ങള്‍ സൂപ്പര്‍ ഹീറോകളാണെന്ന് കരുതാതിരിക്കുക. ചെറുപ്പക്കാരായതിനാല്‍ രോഗം ബാധിക്കില്ലെന്ന് കരുതുന്നതും തെറ്റ്. ഇപ്പോള്‍ ചെറുപ്പക്കാരിലാണ് രോഗബാധ അധികം കണ്ടു വരുന്നത്, അവരെ ഞങ്ങള്‍ക്ക് സഹായിക്കാനുമാകുന്നില്ല. നിങ്ങളാരും ഈ സാഹചര്യത്തെ അഭിമുഖീകരിക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. 35 വയസ് പ്രായമുള്ള ഒരു കോവിഡ് രോഗി വെന്റിലേറ്ററില്‍ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ്.
കോവിഡ് എല്ലായിടത്തുമുണ്ട്. എന്തെങ്കിലും കാരണവശാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നാല്‍ തീര്‍ച്ചയായും മാസ്‌ക് ധരിക്കുക. മൂക്ക് പൂര്‍ണമായും ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക. മൂന്നാമത്തെ കാര്യം.നിങ്ങള്‍ക്ക് അസുഖം അനുഭവപ്പെട്ടാല്‍ പരിഭ്രമിക്കാതിരിക്കുക. അടുത്തുള്ള ചികിത്സാകേന്ദ്രവുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക. നിങ്ങള്‍ സ്വയം സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തുക, ഡോക്ടറുമായി ബന്ധപ്പെടുക, ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യം പരിമിതമായതിനാല്‍ ഞങ്ങള്‍ ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിച്ച ശേഷം ചികിത്സാകാര്യങ്ങള്‍ തീരുമാനിക്കാം.
താന്‍ മാത്രമല്ല രാജ്യത്തെ ഡോക്ടര്‍സമൂഹം മുഴുവനും നിലവിലെ സാഹചര്യത്തില്‍ ആശങ്കാകുലരാണെന്ന് ഡോക്ടര്‍ തൃപ്തി പറയുന്നു. വാക്‌സിന്‍ സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഡോക്ടര്‍ വീഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്. രോഗം തീവ്രമാകാതിരിക്കാന്‍ വാക്‌സിന്‍ തീര്‍ച്ചയായും സഹായിക്കുമെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഡോക്ടര്‍ തൃപ്തി മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റു ഡോക്ടര്‍മാരും സമാനമായ രീതിയില്‍ ജനങ്ങളോട് അഭ്യര്‍ഥനയുമായെത്തിയിട്ടുണ്ട്. ഓക്‌സിന്‍ ദൗര്‍ലഭ്യത മൂലം ആയിരക്കണക്കിന് രോഗികള്‍ ബാധിക്കപ്പെട്ടതായി ഡല്‍ഹിയിലെ ചില പ്രമുഖ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.