Around us

ജോജുവിനെതിരെ നിരന്തരമായി ഭീഷണിയെന്ന് മുകേഷ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ നിരന്തരമായി ഭീഷണിയെന്ന് മുകേഷ് എം.എല്‍.എ. ജോജുവിന്റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുകയാണെന്നും നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് മുകേഷ് പറഞ്ഞു.

ആവിഷ്‌കാര സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്ന് സബ്മിഷന് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും, ഏത് വസ്ത്രം ധരിക്കണമെന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റ് മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെ നാം അപരിഷ്‌കൃതരായ സമൂഹദ്രോഹികള്‍ എന്നാണ് വിളിക്കുന്നത്. ചലച്ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നിടത്തേക്ക് കടന്നുചെന്ന് അക്രമം കാണിക്കുകയും നിരോധനം കല്‍പ്പിച്ചു ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നത് അത്തരം ഫാസിസ്റ്റു മനോഭാവത്തിന്റെ ഭാഗമായാണ്. ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ നടപടി യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരന്മാര്‍ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടാനാ ദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്. ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്.

മനുഷ്യനെ ഭയപ്പാടില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് തീരുമാനിക്കാന്‍ ഒരു ശക്തിക്കും അവകാശമില്ല. അത്തരം ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. വ്യക്തിയോടുള്ള വിദ്വേഷം മുന്‍നിര്‍ത്തിയുള്ള സംഘടിത നീക്കമായി ഇപ്പോല്‍ ഉണ്ടായിട്ടുള്ള പ്രശ്‌നം ചുരുക്കി കാണുന്നില്ല.

സംഘടിതമായ ആള്‍ക്കൂട്ടങ്ങള്‍ കലയുടെ അവതരണത്തെയും നിര്‍ഭയമായി തൊഴില്‍ ചെയ്തു ജീവിക്കുന്നതിനെയും തടയുന്നതിലേക്ക് തിരിയുമ്പോള്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഇവിടെ ബഹു. അംഗം ഉന്നയിച്ചിട്ടുള്ളത് ഒരു സിനിമയുടെ ചിത്രീകരണത്തെ തടസ്സപ്പെടുത്തിയ പ്രശ്നമാണ്. ഒരു പ്രത്യേക നടന്റെ പേരു പറഞ്ഞ്, അദ്ദേഹത്തിന്റെ അഭിനയ ചിത്രീകരണം അനുവദിക്കില്ല എന്ന ആക്രോശം പോലും ചിലകേന്ദ്രങ്ങളില്‍ നിന്ന് അടുത്തിടെ ഉണ്ടായിക്കാണുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. ആസൂത്രിതമായ തീരുമാനം ഇതിനു പിന്നിലുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞാണ് ചിലര്‍ ഈ ആക്രമണങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. പൗരന്റെ മൗലികാവകാശം ഇല്ലാതാക്കാന്‍ കരിനിയമ വാഴ്ച അടിച്ചേല്‍പ്പിച്ചു നാടിനെ ഇരുട്ടിലേക്ക് തള്ളിയതിന്റെ ഹാങ് ഓവറില്‍ നിന്ന് ഒരു കൂട്ടര്‍ ഇപ്പോഴും മോചനം നേടിയിട്ടില്ല എന്നാണിത് കാണിക്കുന്നത്. ഇത് ഒരു പരിഷ്‌കൃത സമൂഹത്തില്‍, സംസ്‌കാരസമ്പന്നമായ സമൂഹത്തില്‍ ഉണ്ടായിക്കൂടാത്തതാണ്.

കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ ദയാദാക്ഷിണ്യത്തിനു കീഴിലല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപ്രകാരമുള്ള എല്ലാ നടപടികളും ഉണ്ടാവും.സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണ്. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ല. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് ഈ നാടിന്റെ പാരമ്പര്യം. കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT