കൂളിമാട് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്ന് മന്ത്രി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍ദേശം നല്‍കി.
പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. പാലത്തിന്റെ ബീം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമുള്‍പ്പെടെ അന്വേഷണത്തിന് വിധേയമാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമഗ്ര റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരുന്നു. അതേസമയം പാലത്തിന്റെ തകര്‍ന്ന് വീണ ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങിയേക്കും.
കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ ബീമുകള്‍ മെയ് 16നാണ് തകര്‍ന്ന് വീണത്. ജാക്കികളുടെ തകരാറാണെന്നായിരുന്നു കരാര്‍ കമ്പനിയായ യു.എല്‍.സി.സിയുടെ വിശദീകരണം.