ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതിയില്‍ വന്‍ ഇടിവെന്ന് യുഎസ് പഠനം. ലോക നേതാക്കളുടെ ജനസമ്മിതി വിലയിരുത്തുന്ന മോണിംഗ് കണ്‍സല്‍ട്ട് കമ്പനിയാണ് മോദിയുടെ ജനസമ്മതിയില്‍ വലിയ ഇടിവുണ്ടായെന്ന് വ്യക്തമാക്കുന്നത്.
പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ നിന്നാണ് മോണിംഗ് കണ്‍സല്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 82 ശതമാനമായിരുന്ന മോദിയുടെ ജനസമ്മിതി ഈ വര്‍ഷമായപ്പോഴേക്കും 66 ശതമാനമായി കുറഞ്ഞു. 20 ശതമാനത്തിന്റെ ഇടിവ് പ്രധാനമന്ത്രിയുടെ ജനസമ്മിതിയില്‍ കുറഞ്ഞകാലത്തിനുള്ളില്‍ ഉണ്ടായെന്നാണ് മോണിംഗ് കണ്‍സല്‍ട്ട് കമ്പനിയുടെ പഠനം വ്യക്തമാക്കുന്നത്.
അതേസമയം ജോ ബൈഡന്‍, ജസ്റ്റിന്‍ ട്രൂഡോ, ബോറിസ് ജോണ്‍സണ്‍ എന്നിവരേക്കാള്‍ ജനപ്രീതി നരേന്ദ്ര മോദിക്ക് തന്നെയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് 53 ശതമാനമാണ് ജനസമ്മിതി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് 48 ശതമാനവും. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് 44 ശതമാനവുമാണ് ജനപ്രീതി.
കൊവിഡ് രണ്ടാം തരംഗവും തുടര്‍ന്ന് വന്ന പ്രതിസന്ധികളും കൃത്യമായി നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ പോളിസിയും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.