എയര്‍ ഇന്ത്യയും ഹിന്ദുസ്ഥാന്‍ പെട്രോളിയവും അടക്കം 28 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭൂസ്വത്ത് അടക്കം ആയിരക്കണക്കിന് കോടികള്‍ ആസ്തിയുള്ള കമ്പനികളാണ് വിറ്റഴിക്കുന്നത്. ഇവ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കും.
സിപിഐഎം എംപി കെ കെ രാഗേഷ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 28 സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതായി ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നത് പരിഗണിക്കാതെയാണ് സ്ഥാപനങ്ങളെ വില്‍ക്കാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മത്സരം നിലനില്‍ക്കുന്ന വിപണികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വിവിധ നഗരകേന്ദ്രങ്ങളില്‍ ഭൂസ്വത്ത് ഉള്ളവയാണ് പല കമ്പനികളും. എയര്‍ ഇന്ത്യ, ഐടിഡിസി എന്നിവയ്ക്ക് വന്‍ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന് ഋഷികേശില്‍ 800 ഏക്കറിലേറെ സ്ഥലമുണ്ട്. സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്ക് ലഖ്‌നൗവില്‍ 150 ഏക്കര്‍. ഓഹരികള്‍ വിറ്റഴിക്കുന്നതോടെ ഈ ആസ്തികള്‍ മുഴുവന്‍ സ്വകാര്യവ്യക്തികളുടേയും കമ്പനികളുടേയും കൈക്കലാകും.
വില്‍ക്കാന്‍ വെച്ചിരിക്കുന്ന സ്ഥാപനങ്ങള്‍
2019-20 സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 3.25 ലക്ഷം കോടിയുടെ പൊതുമേഖലാ ഓഹരികള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടും. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലയളവില്‍ 2.80 ലക്ഷം കോടി രൂപ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ച് സമാഹരിച്ചിരുന്നു.