എഴുതാത്ത അവതാരിക തന്റെ പേരില്‍ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി എം.എന്‍ കാരശ്ശേരി. പി.എം അയ്യൂബ് മൗലവിയുടെ 'മത ജീവിതത്തില്‍ നിന്ന് മാനവികതയിലേക്ക്' എന്ന പുസ്തകത്തിലായിരുന്നു വ്യാജ അവതാരിക അച്ചടിച്ച് വന്നതെന്ന് അദ്ദേഹം പറയുന്നു. മാപ്പപേക്ഷ വരെയെത്തിയ സംഭവം ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് എം.എന്‍ കാരശ്ശേരി വിശദീകരിക്കുന്നത്.
ആ അവതാരികയുടെ പേരില്‍ ആരും തന്റെ നിലപാടുകളെ പറ്റിയോ ഭാഷാ രീതികളെ പറ്റിയോ തെറ്റായ ധാരണകള്‍ കൊണ്ടുനടക്കരുതെന്ന് അപേക്ഷിക്കാനാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും, ഒരു വ്യക്തിക്കെതിരായി ഇങ്ങനെ സംസാരിക്കേണ്ടി വന്നത് നിവര്‍ത്തിയില്ലാത്തത് കൊണ്ടാണെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്.
എം.എന്‍ കാരശ്ശേരിയുടെ വാക്കുകള്‍
'പി.എം അയ്യൂബ് മൗലവി എനിക്ക് പരിചയമുള്ള ആളാണ്. ആദ്ദേഹത്തെ പറ്റി ആദ്യം എന്നോട് പറയുന്നത് ലക്ഷദ്വീപിലെ പ്രസിദ്ധനായ ചിത്രകാരനും എന്റെ സുഹൃത്തുമായ എന്‍.കെ.പി മുത്തുക്കോയയാണ്. അദ്ദേഹത്തിന്റെ മതവിമര്‍ശനം ഒന്ന് നോക്കണമെന്നായിരുന്നു മുത്തുക്കോയ പറഞ്ഞത്. ഞാന്‍ അത് നോക്കി, പ്രസംഗം തരക്കേടില്ലെന്ന് മുത്തുക്കോയയെ വിളിച്ച് പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് യാദൃശ്ചികമായി അയ്യൂബ് മൗലവിയെ കാണുന്നത്. പിന്നീടാണ് അദ്ദേഹത്തിന്റെ മതജീവിതത്തില്‍ നിന്ന് മാനവികതയിലേക്ക് എന്ന പുസ്‌കത്തെ കുറിച്ച് പറഞ്ഞത്. അതിന് അവതാരിക എഴുതുന്ന കാര്യം ആവശ്യപ്പെട്ടു. പുസ്തകം വായിക്കാനുള്ള സമയമില്ലാത്തതിനാല്‍ അവതാരിക എഴുതാന്‍ ആകില്ലെന്ന് തീര്‍ത്തുപറഞ്ഞു. എങ്കിലും സമയം കിട്ടമ്പോള്‍ വായിച്ചാല്‍ മതിയെന്ന് പറഞ്ഞ് പുസ്തകത്തിന്റെ ഡിടിപി പതിപ്പ് എന്റെ ഏല്‍പ്പിച്ചു. അത് വായിക്കാന്‍ എനിക്ക് സമയം കിട്ടിയില്ല.
തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുസ്തകം പ്രസിദ്ധീകരിക്കുകയാണെന്നും അവതാരിക ഇല്ലെന്നും എന്നാല്‍, മലപ്പുറത്തെ സ്വതന്ത്ര ലോകത്തിന്റെ പരിപാടിയില്‍ പ്രകാശനം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു. പുസ്തകം വായിക്കാതെ പ്രകാശനത്തിനും ആകില്ലെന്ന് ഞാന്‍ അറിയിച്ചു. എന്നാല്‍, പുസ്തകം മറ്റൊരാള്‍ക്ക് കൈമാറിയാല്‍ മാത്രം മതിയെന്നും പുസ്തകത്തെ സംബന്ധിച്ച് സംസാരിക്കേണ്ടെന്നും അയ്യൂബ് മൗലവി പറഞ്ഞു. അങ്ങനെ ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു.
പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് എന്റെ പേരില്‍ ഈ പുസ്തകത്തില്‍ അവതാരികയുണ്ടെന്ന വിവരം ഒരു വായനക്കാരന്‍ വിളിച്ചുപറഞ്ഞ് പറയുന്നത്. അവതാരികയിലെ ചില കാര്യങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്. ഉടന്‍ ഡിസി ബുക്‌സില്‍ വിളിച്ച് കാര്യം സ്ഥിരീകരിച്ചു. പ്രസംഗിച്ചത് അവതാരികയായി നല്‍കിയതാണെന്നായിരുന്നു അയ്യൂബ് മൗലവിയുടെ വിശദീകരണം.
ഒരാളെ വിട്ട് പുസ്തകം വാങ്ങി നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി, കാരണം ഒന്നര പേജിലാണ് ഞാന്‍ എഴുതാത്ത അവതാരിക, പുസ്തകത്തെ പുകഴ്ത്തി എന്റെ പേരില്‍ അച്ചടിച്ചിരിക്കുന്നത്. അത് ഞാന്‍ പറയുന്ന കാര്യങ്ങളല്ല, എന്റെ ഭാഷാ രീതിയല്ല, എന്റെ സമ്പ്രദായങ്ങള്‍ ഒന്നുമല്ല.
അയ്യൂബ് മൗലവിയെ വിളിച്ച് കേസ് കൊടുക്കുകയാണെന്നും, താങ്കളുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്ന എന്റെ പ്രസംഗം അയച്ച് തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അയച്ചില്ല. അങ്ങനെ ഗതികെട്ട് എന്റെ സുഹൃത്ത് അഡ്വ. ജയശങ്കറിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ വക്കീല്‍ നോട്ടീസയച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഒടുവില്‍ അവതാരിക വ്യാജമായി എഴുതിയതാണെന്ന് അയ്യൂബ് മൗലവി സമ്മതിച്ചു. അവസാനം ഏറെ സമ്മര്‍ദത്തിനൊടുവില്‍ അയ്യൂബ് മൗലവി ക്ഷമാപണം എഴുതിത്തരുകയും ചെയ്തു.'
വീഡിയോ: