ശാന്തിവനത്തിനകത്തു കൂടി ജൈവസമ്പത്ത് നശിപ്പിച്ചു കൊണ്ട് വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് കെഎസ്ഇബി പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എംഎം മണി. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ലെന്നാണ് മന്ത്രിയുടെ ന്യായം. ശാന്തിവനത്തിലെ ജൈവസമ്പത്തും പാരിസ്ഥിതിക പ്രത്യേകതയ്‌ക്കൊന്നും വിലകല്‍പ്പിക്കാതെ വൈദ്യുതി മന്ത്രിക്ക് ഇത് മീനാ മേനോന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മാത്രം പ്രശ്‌നമാണ്.
വ്യക്തികളുടെ നാശം പരിഗണിച്ചാല്‍ വികസനം വരില്ലെന്ന് പറയുന്ന ഇടത് സര്‍ക്കാരിലെ മന്ത്രി പാരിസ്ഥിതിക പ്രവര്‍ത്തകരുടെ ശാന്തിവനത്തിന്റെ ജൈവപ്രാധാന്യത്തെ കുറിച്ചുള്ള വിശദീകരണം മനസിലാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.
110 കെവി വൈദ്യുത ലൈനിന്റെ പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെഎസ്ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ലെന്നും മന്ത്രി മണി ആവര്‍ത്തിക്കുന്നു.
ശാന്തിവനത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്ഇബി മുന്നോട്ട് പോകുകയാണ്. ഇനിയെന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അത് കോടതി ചെയ്യട്ടെ, സര്‍ക്കാര്‍ പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ നിലപാട്.
ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ എന്നും അതുവരെ പണി നിര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ലെന്നുമാണ് മന്ത്രി പറയുന്നത്.
ശാന്തിവനം സംബന്ധിച്ച മുമ്പത്തെ കേസില്‍ കെഎസ്ഇബി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ശാന്തിവനം സമരസമിതി ആരോപിക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചത് കൂടാതെ വിധി വന്ന ദിവസം വിധിപകര്‍പ്പ് കിട്ടുന്നതിന് മുമ്പേ തന്നെ ശാന്തിവനത്തില്‍ കെഎസ്ഇബി നടത്തിയത് കോടതി അലക്ഷ്യമാണെന്നും സമരസമിതി ആരോപിക്കുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കെഎസ്ഇബിയുടെ തീരുമാനം പുനപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം സമരസമിതിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. വൈദ്യുത ടവര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അറിയിക്കാന്‍ വൈകിയെന്നാണ് മന്ത്രി ശാന്തിവനം സംരക്ഷണ സമിതിയോട് പറഞ്ഞത്.
ഇരുപത് വര്‍ഷം മുന്‍പേ തീരുമാനിക്കപ്പെട്ട അലൈന്‍മെന്റ് ആണിതെന്നും ഇത്രയും കാലം സമരസമിതി നേതാക്കള്‍ എന്തു ചെയ്യുകയായിരുന്നുവെന്നും ചോദിച്ച മന്ത്രി ഒരു ഘട്ടത്തില്‍ പോലും പദ്ധതിയെക്കുറിച്ച് പരാതിയുമായി ആരും തന്നെ വന്നു കണ്ടിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇരുപത് വര്‍ഷം മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ ഇപ്പോള്‍ വന്ന് ബഹളം വച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അവരോട് പറഞ്ഞുവെന്നാണ് മന്ത്രിയുടെ പ്രതികരണം.