ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിയന്ത്രിത അളവില്‍ മാത്രമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ തീരപ്രദേശത്തുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.
രാവിലെ പതിനൊന്ന് മണിക്കാണ് ചെറുതോണി അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ തുറക്കുന്നത്. 35 സെന്റിമീറ്റര്‍ വീതമാകും ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. വെള്ളം വൈകിട്ട് നാല് മണിയോടെ ആലുവ, കാലടി ഭാഗത്തെത്തും.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലെ 64 കുടുംബങ്ങളിലായി 222 പേരെ മാറ്റിപ്പാര്‍പ്പിക്കും. 2018ല്‍ അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നിരുന്നു. 30 ദിവസത്തിന് ശേഷമാണ് അന്ന് ഷട്ടറുകള്‍ അടച്ചത്. 1981ലും, 1992ലും ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.