ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയാണ് രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷ വിരോധം ഉടലെടുക്കുന്നത്. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്. സ്വാഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത.
രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സര്‍ക്കാരും പൊലീസും മാത്രം വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാന്‍ ആകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം പാലക്കാട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്ട്രേറ്റില്‍ വെച്ചാണ് സര്‍വകക്ഷി യോഗം നടക്കുക.