സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. എതിര്‍ക്കുന്നവര്‍ പോലും അംഗീകരിക്കുന്ന സംഘാടനാപാടവവും ധീരതയും പികെ കുഞ്ഞനന്തന്റെ പ്രത്യേകതയായിരുന്നുവെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പികെ കുഞ്ഞനനന്തന്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അന്തരിച്ചത്.
പാനൂരില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സഖാവിന്റെ വിയോഗം പാര്‍ട്ടിക്കും പാനൂര്‍ മേഖലയിലെ ജനങ്ങള്‍ക്കും തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും മന്ത്രി പറയുന്നു. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാര്‍ക്ക് അദ്ദേഹം കുഞ്ഞനന്തേട്ടന്‍ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടന്‍. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലര്‍ത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തില്‍ സഖാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 13-ാം പ്രതിയായിരുന്നു പികെ കുഞ്ഞനന്തന്‍. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായതോടെയായിരുന്നു മരണം.