രാജ്യ സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പ്രയോജനപ്രദമായ കരുത്തുറ്റ സംരംഭം തുടങ്ങാന്‍ ഒരു കുടിയേറ്റക്കാരന് അവസരമുണ്ടാകുന്ന ഇന്ത്യയാണ് തന്റെ പ്രതീക്ഷയിലുള്ളതെന്ന് പൗരത്വ നിയമത്തില്‍ നിലപാട് അറിയിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. ഇന്ത്യന്‍ വംശജനായ സത്യ വാര്‍ത്താക്കുറിപ്പിലാണ് നിലപാട് വിശദീകരിച്ചത്. പൗരത്വ നിയമത്തില്‍ സംഭവിക്കുന്നത് മോശവും സങ്കടകരവുമായ കാര്യങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ബസ്ഫീഡ് എഡിറ്റര്‍ ബെന്‍ സ്മിത്താണ് നാദെല്ലയുടെ നിലപാട് ആദ്യം ട്വീറ്റ് ചെയ്തത്.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയോട് ഇന്ത്യയുടെ പൗരത്വ നിയമത്തെക്കുറിച്ച് ചോദിച്ചു. സംഭവിക്കുന്നത് ദുഖകരവും മോശവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്ത്യയില്‍ ഒരു സംരംഭം സാധ്യമാക്കുകയോ, ഇന്‍ഫോസിസിന്റെ അടുത്ത മേധാവിയാകുകയോ ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാണ് അദ്ദേഹം പറഞ്ഞത്.
കുടിയേറ്റം ഒരു രാജ്യത്തിന് നല്ലതാണെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു സത്യ നാദെല്ല. എന്നാല്‍ പിന്നാലെ നിലപാടില്‍ കൂടുതല്‍ വിശദീകരണവുമായി അദ്ദേഹം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എല്ലാ രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ നിര്‍വചിക്കേണ്ടതുണ്ട്. യഥാക്രമം ദേശീയ സുരക്ഷ ഉറപ്പാക്കുകയും കുടിയേറ്റ നയം നടപ്പാക്കുകയും ചേണ്ടേണ്ടതുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാരുകളും ജനങ്ങളും തമ്മില്‍ സംവാദങ്ങളുമുണ്ടാകും. ബഹുസംസ്‌കാരങ്ങളുള്ള ഇന്ത്യയില്‍ വളര്‍ന്നതിന്റെയും അമേരിക്കയില്‍ കുടിയേറിയതിന്റെ അനുഭവവുമാണ് എന്നെ രൂപപ്പെടുത്തിയത്. സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പ്രയോജനപ്രദമായ കരുത്തുറ്റ സംരംഭം തുടങ്ങാന്‍ ഒരു കുടിയേറ്റക്കാരന് അവസരമുണ്ടാകുന്ന ഇന്ത്യയാണ് എന്റെ പ്രതീക്ഷയിലുള്ളത്.
ഇങ്ങനെയായിരുന്നു വിശദീകരണം. എന്നാല്‍ ഇതില്‍ രണ്ടിലും വ്യക്തതയില്ലെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അദ്ദേഹം പൗരത്വ നിയമത്തെയാണോ അതിനെതിരായ പ്രതിഷേധങ്ങളെയാണോ മോശവും ദുഖകരവുമെന്ന് വിശദീകരിച്ചതെന്ന് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. അദ്ദേഹം അനധികൃത കുടിയേറ്റക്കാരെക്കുറിച്ചല്ല നിയമപരമായി ഒരു രാജ്യത്ത് കഴിയുന്നവരെക്കുറിച്ചാണ് പറഞ്ഞതെന്നും വാദമുണ്ട്.