പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യംവിട്ട മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ആന്റിഗ്വ. ചോക്‌സി ചതിയനാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ചോക്സിയുടെ അപേക്ഷകള്‍ തള്ളിക്കളഞ്ഞതിനു ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും ആന്റിഗ്വാ ആന്‍ഡ് ബര്‍ബൂഡ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ വ്യക്തമാക്കി.
പിഎന്‍ബിയില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോദിക്കുമെതിരെ അന്വേഷണം നടക്കുകയാണ്. 2018 ജനുവരിയിലായിരുന്നു ചോക്‌സി രാജ്യം വിട്ടതും ആന്റിഗ്വയിലെയും ബാര്‍ബുഡയിലെയും പൗരത്വം എടുത്തതും.
ചോക്സിയുടെ അപേക്ഷകള്‍ എല്ലാം തള്ളിക്കളഞ്ഞതിനു ശേഷം ഇന്ത്യയില്‍ നിലവിലുള്ള കേസുകളുടെ നടപടികള്‍ക്കായി തിരിച്ചയക്കും. അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ചു സമയം വേണമെന്ന് മാത്രം, ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് ചോക്‌സി സഹകരിക്കുമെങ്കില്‍ ആന്റിഗ്വയിലെത്തി ചോദ്യം ചെയ്യാം. അതുമായി എന്റെ സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല.ഗാസ്റ്റണ്‍ ബ്രൗണ്‍
ഇന്ത്യയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുന്‍പ് ചോക്‌സിയ്ക്ക് പൗരത്വം നല്‍കിയതെന്നും ബ്രൗണ്‍ അറിയിച്ചു. ചോക്‌സിയെ കൊണ്ട് തങ്ങളുടെ രാജ്യത്തിന് ഒരു ഗുണവുമില്ലെന്നും നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പ്രതിയെ ഇന്ത്യക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ആന്റിഗ്വ ബര്‍ബൂഡയും ഇന്ത്യയും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ല. സിബിഐയുടെ അപേക്ഷ പ്രകാരം ഡിസംബറില്‍ ഇന്റര്‍പോള്‍ ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.