പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ എതിര്‍ത്ത കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. സ്ത്രീകള്‍ മുഷ്ടിചുരുട്ടി സമരം ചെയ്യരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പുല്ലുവില കല്‍പ്പിക്കുന്നില്ല. സ്ത്രീകള്‍ ജാഥ നയിക്കരുതെന്നോ മുദ്രാവാക്യം വിളിക്കരുതെന്നോ കാന്തപുരമല്ല അതിനപ്പുറത്തുള്ളവര്‍ വന്ന് പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് എം സി ജോസഫൈന്‍ ദ ക്യുവിനോട് പറഞ്ഞു. സ്ത്രീകള്‍ പുരുഷന്മാരെ പോലെ തെരുവില്‍ സമരത്തിന് ഇറങ്ങരുതെന്നും മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നുമായിരുന്നു കാന്തപുരം പറഞ്ഞത്.
സ്ത്രീയും മുഷ്ടി ചുരുട്ടി തന്നെ സമരം ചെയ്യും. അതില്‍ മതവ്യത്യാസമില്ലെന്നും ജോസഫൈന്‍ പറഞ്ഞു. എല്ലാവിധത്തിലും അച്ചടക്കത്തിന്റെ ഭാഷ മാത്രം പഠിപ്പിക്കുന്ന മുസ്ലിം സ്ത്രീകള്‍ രാജ്യത്തിന്റെ സ്ഥിതി മനസിലാക്കിയാണ് കൂട്ടത്തോടെ സമരത്തിനെത്തുന്നത്. സ്ത്രീകളുടെ ശരീരത്തിന് ചലനം ആവശ്യമില്ലെന്നാണ് മതനേതൃത്വം പറയുന്നത്. ചലനം ഒരു സമരമാണ്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മുഷ്ടി ചുരുട്ടിയാണ് ലോകത്തിന്റെ ഏത് കോണിലും മനുഷ്യര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തിട്ടുള്ളത്. എല്ലാ സ്ത്രീകളും ഇന്ന് തിരിച്ചറിയുന്നുണ്ട് തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയാല്‍ കുട്ടികളെയും എടുത്ത് ഓടിപ്പോകേണ്ടി വരുന്നത് സ്ത്രീകളാണ്. അഭയാര്‍ത്ഥി ക്യാമ്പുകളിലും ദുരിതം അനുഭവിക്കേണ്ടി വരുന്നത് അവരായിരിക്കും. ആ ഭയമാണ് മുസ്ലിം സ്ത്രീകളെയടക്കം തെരുവില്‍ ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
നൂറ്റാണ്ടുകളായി മതവും മതസംവിധാനങ്ങളും സ്ത്രീവിരുദ്ധമാണ്.ആ സ്ത്രീവിരുദ്ധത ഇന്നും തുടരുകയാണ്. ഫ്രാന്‍സിലും ബ്രസീലിലും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീ മുന്നേറ്റം നടക്കുകയാണ്. ഇന്ത്യയെ മതപരമായി വിഭജിക്കുന്നതിനെതിരെ സ്ത്രീകളാണ് സമരത്തിന് മുന്നിലുള്ളത്.
പുരുഷനേക്കാള്‍ ശക്തമായി സ്ത്രി സമരം ചെയ്യുന്നു. ഭരണഘടനാപരമായ അവകാശം സ്ത്രീക്കും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഒരുപോലെയാണ്. ഭരണഘടന എന്നത് വെറുമൊരു പുസ്തകമല്ല. ഈ രാജ്യത്തെ മനുഷ്യരുടെ ജീവിതമാണ്. അതിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് സ്ത്രീയാണ്. കാന്തപുരത്തെ പോലുള്ള മതനേതാക്കള്‍ സ്ത്രീകള്‍ക്കെതിരായ പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ ഇതിലും ശക്തമായ ഭാഷയില്‍ പറയുമെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി.