മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരവസ്തു തട്ടിപ്പ് കേസില്‍ ഇടനിലക്കാരിയാണെന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടിയെടുത്ത് സ്പീക്കര്‍ എം.ബി രാജേഷ്.
അനിത പുല്ലയിലിനെ സഭാ ടിവിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സഹായിച്ച ഏജന്‍സി ജീവനക്കാരെ പുറത്താക്കുകയാണെന്നും സ്പീക്കര്‍ അറിയിച്ചു. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്പീക്കര്‍ വിശദീകരിച്ചു.
അനിതയെ സഭാ ടിവിയുടെ ഓഫീസില്‍ കയറാന്‍ സഹായിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതൊരു വീഴ്ചയാണ്. സഭ ടിവിയുടെ സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത്. ഇവര്‍ സഭാ മന്ദിരത്തില്‍ പ്രവേശിച്ചതിന് ഉത്തരവാദികളായ ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല, വിധുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ സഭാ ടിവി ചുമതലകളില്‍ നിന്ന് ഒഴിവാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭാ ജീവനക്കാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ല. നിയമസഭാ സമ്മേളനം നടക്കുന്ന വേദിയില്‍ ഇവര്‍ കയറിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.