നിയമസഭയില്‍ സ്പീക്കറെ സാര്‍ എന്ന് വിളിക്കുന്നതിലും നല്ലത് മറ്റ് തരത്തിലുള്ള അഭിസംബോധനകളാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ഒരു റൂളിങ് നല്‍കി ഇക്കാര്യം മാറ്റാനാകില്ല. എല്ലാ അംഗങ്ങളും ഇത് മാറ്റാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
'സാര്‍ എന്ന വിളിയുടെ അര്‍ത്ഥം അതൊരു ജനാധിപത്യപരമായ അഭിസംബോധനയല്ല എന്നുള്ളതാണ്. ഇതിനു പകരം ബഹുമാനപ്പെട്ട അധ്യക്ഷന്‍ എന്ന് പറഞ്ഞാല്‍ മതി. ഇത് റൂളിങ് നല്‍കി മാറ്റാന്‍ പറ്റില്ല, വര്‍ഷങ്ങളായി ശീലിച്ചുപോയ ഒരു കാര്യമാണ്. ശീലത്തിന്റെ ഭാഗമായാണ് പ്രസംഗങ്ങളില്‍ ഇത് തുടര്‍ച്ചയായി കടന്നുവരുന്നത്.
പാര്‍ലമെന്റില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നവരല്ലാതെ ഒരാളും സാര്‍ എന്ന് അഭിസംബോധന ചെയ്യാറില്ല. നമുക്കും അതിന് ശ്രമിച്ചാല്‍ മതി. ഓരോ അംഗങ്ങളും ഇത് ശ്രദ്ധിക്കണം. മറിച്ച് ഒരു റൂളിങ് കൊടുത്താല്‍ ആളുകള്‍ക്ക് പെട്ടെന്ന് അവരുടെ ശീലങ്ങള്‍ മാറ്റാന്‍ കഴിയില്ല. അതുകൊണ്ട് എല്ലാവരും അതിന് ബോധപൂര്‍വ്വം ശ്രമിക്കും എന്നാണ് വിചാരിക്കുന്നത്.' ഭരണഭാഷയും നിയമസഭയിലെ ഭാഷയും മലയാളീകരിക്കുകയാണ് ചെയ്യേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭയില്‍ ഒരാള്‍ സ്പീക്കറെ മിസ്റ്റര്‍ സ്പീക്കറെന്നോ, മിസ്റ്റര്‍ രാജേഷ് എന്നോ വിളിച്ചാല്‍ എന്തായിരിക്കും മറുപടി എന്ന ചോദ്യത്തിന്, 'സ്പീക്കര്‍ എന്ന് വിളിക്കാം, സ്പീക്കര്‍ ആണല്ലോ അവിടിരിക്കുന്നത്. പക്ഷെ രാജേഷല്ല അവിടിരിക്കുന്നത്', എന്നായിരുന്നു മറുപടി. നിങ്ങള്‍ എന്ന് വിളിക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പീക്കര്‍ എന്ന നിലയില്‍ ഇതുവരെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും, അതില്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും എല്ലാ സഭാംഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും എം.ബി.രാജേഷ് പറഞ്ഞു.