Around us

'ഡേയ് 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്', അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ?; പാചക വിലവര്‍ധനവില്‍ ആര്യ രാജേന്ദ്രന്‍

പാചക വാതക സിലിണ്ടറിന് ആയിരം രൂപ കടന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. അല്ലയോ മോദിജി ഇങ്ങനെ പോയാല്‍ അടുക്കള പൂട്ടേണ്ടിവരുമോ എന്നാണ് മേയര്‍ ചോദിച്ചത്.

കഴിഞ്ഞ ദിവസം പാചക വാതകത്തിന് 1006 രൂപ കടന്നിരുന്നു. മെയ് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 103 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് 1006 രൂപ 50 പൈസയാണ് വില.

അനിയന്ത്രിത വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലേ എന്നാണ് ആര്യ പോസ്റ്റില്‍ ചോദിച്ചത്.

ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പാടെ തകര്‍ന്ന് പോകും വിധമാണ് പാചകവാതകത്തിന്റെയും നിത്യോപയോഗ സാധങ്ങളുടെയും വില കുതിക്കുന്നത്. സാധനവില വര്‍ദ്ധിക്കുന്നത് ഇന്ധവില വര്‍ദ്ധനയുടെ ഉപോല്പന്നമായാണ്. തൊഴിലില്ലായ്മ മുമ്പത്തേക്കാള്‍ രൂക്ഷമാകുന്നു എന്നാണ് വാര്‍ത്തകള്‍ എന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ആര്യയുടെ പ്രതികരണം.

അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ അങ്ങേയ്ക്ക് കഴിയില്ലേ ? എന്നും മേയര്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാവിലെ പോകാനിറങ്ങിയപ്പോള്‍ അമ്മയുടെ ആശങ്ക

'ഡേയ് 1006 രൂപ ആയി ഒരു കുറ്റി ഗ്യാസിന്, ഇക്കണക്കിന് നിന്റെ കല്യാണം ആകുമ്പോ മൂവായിരം ആകുമല്ലോ മക്കളെ'

' അച്ഛാ ദിന്‍ വരുന്നതാണ് അമ്മ ' എന്നും പറഞ്ഞ് തിരക്കിട്ട് കാറില്‍ കയറിയെങ്കിലും അമ്മ പറഞ്ഞതിലെ ആ പ്രശ്നം അങ്ങോട്ട് വിടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പാടെ തകര്‍ന്ന് പോകും വിധമാണ് പാചകവാതകത്തിന്റെയും നിത്യോപയോഗ സാധങ്ങളുടെയും വില കുതിക്കുന്നത്. സാധനവില വര്‍ദ്ധിക്കുന്നത് ഇന്ധവില വര്‍ദ്ധനയുടെ ഉപോല്പന്നമായാണ്. തൊഴിലില്ലായ്മ മുമ്പത്തേക്കാള്‍ രൂക്ഷമാകുന്നു എന്നാണ് വാര്‍ത്തകള്‍. തൊഴിലിടങ്ങളില്‍ കടുത്ത മത്സരമാണ് ഇപ്പോള്‍. ഒന്നോ രണ്ടോ ഒഴിവുകളിലേക്ക് ആയിരമോ രണ്ടായിരമോ അതിലധികം പേരോ ആണ് അപേക്ഷിക്കുന്നത്. പലരും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയ്ക്കും മുകളില്‍ യോഗ്യതയുള്ളവര്‍. ഒരു പക്ഷെ കേരളത്തിലായത് കൊണ്ട് ഈ ബുദ്ധിമുട്ടുകളുടെ രൂക്ഷത നമ്മളറിയാതെ പോകുന്നതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ഇവിടെ സംസ്ഥാനസര്‍ക്കാര്‍ പലതരത്തില്‍ വിപണിയില്‍ ഉള്‍പ്പെടെ ഇടപെടുന്നത് വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായകമാണ്. വിവിധ ക്ഷേമ പദ്ധതികളിലൂടെ ചെറുതെങ്കിലും ഒരു തുക പണമായി ജനങ്ങളില്‍ എത്തിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്.

എന്തെങ്കിലും ഒരു ജോലിയ്ക്ക് സാധ്യതയുണ്ടാക്കാന്‍ കഴിയുന്ന സമാധാനമുള്ള ഒരു സാമൂഹിക അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നു. ഇതെല്ലാം നിലനില്‍ക്കെ തന്നെ വിലക്കയറ്റം ഇങ്ങനെ കുതിക്കുമ്പോള്‍ എത്രനാള്‍ പിടിച്ച് നില്‍ക്കാനാകും നമുക്ക്.

ഉള്ളില്‍ ഒരു ഭയം രൂപപ്പെടുന്നത് എനിക്ക് മനസ്സിലായി. തലസ്ഥാനത്തിന്റെ മേയര്‍ ആയത് കൊണ്ട് ഗ്യാസിന് പ്രത്യേക കിഴിവൊന്നുമില്ലല്ലോ. ഡീസലിനും പെട്രോളിനും അതന്നെ അവസ്ഥ. വീട്ടുസാധങ്ങള്‍ക്കും കിഴിവ് കിട്ടില്ല. ഔദ്യോഗിക വാഹനത്തില്‍ നഗരസഭയുടെ ചിലവില്‍ ഇന്ധനം നിറച്ചാലും അതും നമ്മുടെ എല്ലാവരുടെയും പണമല്ലേ.

അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്ക മാത്രമല്ല, ഭാവി ജീവിതം തന്നെ വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ അങ്ങേയ്ക്ക് കഴിയില്ലേ ?

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT