ബലാൽസംഗക്കേസ് അട്ടിമറിക്കാൻ പോലീസും വനിതാ കമ്മീഷനും ശ്രമിച്ചതായി ഒളിമ്പ്യന്‍ മയൂഖ ജോണി. 2016ൽ നടന്ന സംഭവത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തിലായിരുന്നു മയൂഖ ജോണിയുടെ വെളിപ്പെടുത്തൽ. ചാലക്കുടി മുരിങ്ങൂർ സ്വദേശി ജോണ്‍സണ്‍ തന്റെ സുഹൃത്തിനെ വീട്ടിൽ കയറി ബലാൽസംഗം ചെയ്തുവെന്നും ഇരയെ ഭീഷണിപ്പെടുത്തുന്നതായുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മയൂഖ ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച് ആളൂർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം രാജി വെച്ച വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനും ഒരു മന്ത്രിയും പ്രതിക്ക് വേണ്ടി ഇടപെട്ടതായി മയൂഖ ആരോപിച്ചു.
തൃശ്ശൂർ റൂറൽ എസ്.പി പൂങ്കുഴലി പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലാണ് ഇടപെടുന്നത്. പ്രതി ജോൺസന്റെ സ്വാധീനം മൂലം ഇരക്ക് നീതി കിട്ടിയില്ല. കേസില്‍ പ്രതിക്കായി ഒരു മന്ത്രിയും ഇടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. സാക്ഷി എന്ന നിലയിൽ എനിക്കെതിരെയും ഭീഷണി വരുന്നുണ്ടെന്നും മയൂഖ പറഞ്ഞു.