Around us

'വെറുക്കപ്പെട്ട പാർട്ടി' പ്രയോഗം; ചർച്ച ബഹിഷ്കരിച്ച് ബിജെപി പ്രതിനിധി; മാപ്പ് പറഞ്ഞ് മാതൃഭൂമി

സംസ്ഥാനത്ത് ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബിജെപിയെന്ന പ്രയോഗത്തിൽ ക്ഷമ പറഞ്ഞ് മാതൃഭൂമി ന്യൂസ്. മാതൃഭൂമി ന്യൂസ് ചീഫ് ഉണ്ണി ബാലകൃഷ്ണനാണ് മാപ്പ് പറഞ്ഞത്. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ആ ബോധ്യം ഉണ്ടായപ്പോൾ തന്നെ തത്സമയം തിരുത്തുകയും ചെയ്തിരുന്നു. വെറുക്കപ്പെട്ട എന്ന പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു . എന്നാല്‍ വെറുക്കപ്പെട്ട പാര്‍ട്ടി എന്ന പ്രയോഗത്തിലൂടെ മാതൃഭൂമി ചാനല്‍ ബിജെപിയെ അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപി പ്രതിനിധിയായ പി.ആര്‍ ശിവശങ്കര്‍ സർവേയുടെ ഭാഗമായി മാതൃഭൂമി നടത്തിയ ചര്‍ച്ച ബഹിഷ്‌ക്കരിച്ചു.

ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത്

മാതൃഭൂമി ന്യൂസും സീ വോട്ടറും ഇന്നലെ നടത്തിയ സർവേയിൽ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടിയേത് എന്നൊരു ചോദ്യമുണ്ടായിരുന്നു. വെറുക്കപ്പെട്ട എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. ആ ബോധ്യം ഉണ്ടായ നിമിഷം തന്നെ തത്സമയം ഞാനത് തിരുത്തുകയും ചെയ്തു. തീർച്ചയായും അതൊരു ജാഗ്രതക്കുറവ് തന്നെയാണ്. ഈ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ച ആയതിനാൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ഇന്നലെയാണ് മാതൃഭൂമിയും സീ വോട്ടറും അഭിപ്രായ സർവ്വേ നടത്തിയത്. 34. 3 ശതമാനം പേരാണ് ബിജെപിയാണ് വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് അഭിപ്രായപ്പെട്ടത്.11. 8 ശതമാനം പേര്‍ സിപിഎമ്മും 9.1 ശതമാനം പേര്‍ മുസ്ലീം ലീഗും 8 ശതമാനം പേര്‍ കോൺഗ്രസ്സിനോടും 27 ശതമാനം പേര്‍ ആരോടും വെറുപ്പില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന ആശയമോ പ്രയോഗമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ല എന്നത് കൊണ്ട് ആ ചോദ്യം സര്‍വ്വേയില്‍ ഉയര്‍ത്തിയ രീതിയെ അംഗീകരിക്കാനാവില്ലെന്ന് ബിജെപി നേതാവ് പി.ആര്‍ ശിവശങ്കര്‍ സർവേയുടെ ഭാഗമായി നടത്തിയ ചർച്ചയിൽ പറഞ്ഞു . ബിജെപിയെ അവഹേളിക്കാന്‍ ശ്രമിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന് തന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ താന്‍ പ്രതിഷേധം ശക്തമായി അറിയിച്ച് കൊണ്ട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതായി അദ്ദേഹം പറഞ്ഞു.

അതിനിടെ വെറുക്കപ്പെട്ട പാര്‍ട്ടി എന്നുളള പ്രയോഗം ചാനല്‍ തിരുത്തുന്നതായി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ തത്സമയം തന്നെ പറഞ്ഞു. അത്തരമൊരു പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിച്ചാണ് അദ്ദേഹം തിരുത്തിയത്. വെറുക്കപ്പെട്ട പാര്‍ട്ടി എന്നതിന് പകരം ഏറ്റവും സ്വീകാര്യത കുറഞ്ഞ പാര്‍ട്ടി എന്ന് ചര്‍ച്ചയില്‍ ഉപയോഗിക്കണമെന്നും ഉണ്ണി ബാലകൃഷ്ണന്‍ അഭ്യർഥിച്ചിരുന്നു.

താന്‍ പുറത്ത് കാത്ത് നില്‍ക്കാമെന്നും ചാനല്‍ ഇപ്പോള്‍ തിരുത്തിയ കാര്യം ബിജെപി നേതാവ് ജോര്‍ജ് കുര്യനെ അറിയിച്ച് പാര്‍ട്ടിയുടെ തീരുമാനം മാറ്റുകയാണെങ്കിൽ തിരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും ശിവശങ്കര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഇപ്പോള്‍ ബിജെപി നേതൃത്വത്തെ ബന്ധപ്പെടാന്‍ അസൗകര്യമുണ്ടെന്നും താങ്കള്‍ തന്നെ തിരുത്തിന്റെ കാര്യം ബോധ്യപ്പെടുത്തണം എന്നും അവതാരകനായ വേണു ബാലകൃഷ്ണന്‍ മറുപടി നല്‍കി. തുടര്‍ന്ന് ബിജെപി പ്രതിനിധി ഇല്ലാതെ മാതൃഭൂമി സര്‍വ്വേ ചര്‍ച്ച തുടരുകയായിരുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT