കൊച്ചി മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. മാർട്ടിൻ ദേഹോപദ്രവം ഏൽപിച്ചതായും ഭീഷണിപ്പെടുത്തിയതായുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രതിക്കെതിരെ പീഡനക്കേസ് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ തയ്യാറാക്കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വെളിപ്പെടുത്തി. വിവരം ഡിസിപി ഐശ്വര്യ ഡോങ്റെയും മാധ്യമങ്ങളോടു സ്ഥിരീകരിച്ചു..
പ്രതി മാർട്ടിൻ ജോസഫിനെ പല സ്ഥലങ്ങളിൽ മാറി താമസിക്കുന്നതിനും ഒളിവിൽ കഴിയുന്നതിനും സഹായിച്ച മൂന്നു പേരെ അറസ്റ്റു ചെയ്തതായി കമ്മിഷണർ വെളിപ്പെടുത്തി. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ എത്തിച്ചത് ഇവരാണെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. മാർട്ടിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയുടെ വിലക്കില്ലാത്തതിനാൽ ഏതു സമയവും അറസ്റ്റുണ്ടായേക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാർട്ടിൻ തൃശൂർ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് പൊലീസ് സ്ഥലത്ത് ക്യാംപു ചെയ്യുന്നുണ്ട്. കൊച്ചി പൊലീസ് ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസവും പരിശോധന നടത്തുകയും സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി പരാതിയുമായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നില്ല . എന്നാൽ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നതോടെ അന്വേഷണം ശക്തമാക്കി. അതേസമയം യുവതി പരാതി കൊടുത്തത് മാധ്യമങ്ങളിൽ വന്നതോടെ ഫ്ലാറ്റ് ഒഴിവാക്കി മാർട്ടിൻ ഒളിവിൽ പോയി. തുടർന്ന് സെഷൻസ് കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും.
മാർട്ടിനിൽ നിന്നും ക്രൂരമായ പീഡനമായിരുന്നു നേരിട്ടതെന്ന് കണ്ണൂർ സ്വദേശിനിയായ യുവതി പരാതിയിൽ പറയുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മാര്‍ട്ടിനൊപ്പം യുവതി ഫ്‌ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, തുടങ്ങിയ പീഢനങ്ങള്‍ തനിക്ക് മാര്‍ട്ടിന്‍ ജോസഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ തരാമെന്ന് പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. എന്നാല്‍ പണം ഇയാള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്.