കൊച്ചി മരടിലെ പൊളിച്ചു നീക്കാനുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലെ മുഴുവന്‍ ഉടമകള്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം നല്‍കില്ല. 13 മുതല്‍ 25 ലക്ഷം വരെ നല്‍കും. 14 ഫ്‌ളാറ്റുകള്‍ക്ക് അടിയന്തര സഹായം നല്‍കാനും ശുപാര്‍ശ
നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി ലളിതമാക്കി. ഫ്ളാറ്റ് വാങ്ങുമ്പോള്‍ പണം നല്‍കിയതിന്റെ രേഖകളും ആധാരവും സമര്‍പ്പിച്ചാല്‍ മതി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷയോടൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന ഒഴിവാക്കി.
ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ വില സംബന്ധിച്ചുള്ള രേഖകള്‍ നഗരസഭ സമിതിക്ക് കൈമാറി. വില്‍പ്പന നടത്തിയതിന്റെ രേഖകള്‍ ഈ മാസം പതിനേഴിനകം ഹാജരാക്കാന്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്ളാറ്റ് നിര്‍മ്മാതാക്കളെ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം നാളെ മുതല്‍ ചോദ്യം ചെയ്യും. ഗോള്‍ഡന്‍ കായലോരം ഉടമയൊഴികെയുള്ള നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് പരാതിയുള്ളത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണം, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.