മരടിലെ അനധികൃത ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കുന്നതിനായുള്ള നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ഒരുമാസം മാത്രം ശേഷിക്കേ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍. സമീപത്തുള്ള വീടുകള്‍ക്ക് കിട്ടേണ്ട ഇന്‍ഷുറന്‍സ് സുരക്ഷ സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് ഇവരുടെ ആരോപണം. സ്‌ഫോടനം നടത്തുമ്പോള്‍ വീടുകള്‍ക്ക് നാശം സംഭവിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക ചെറുതാണെന്നാണ് സമീപവാസികളുടെ ആശങ്ക.
വീടുകളുടെ സര്‍വേ പുനരാരംഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടത്തിയതിന് ശേഷവും ഇവ പരിശോധിക്കും. വീഡിയോ ചിത്രീകരിക്കും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് സര്‍വേ.
സമീപത്ത് വീടുകള്‍ കുറവുള്ള ജയിന്‍ കോറല്‍ കോവില്‍ ആദ്യം സ്‌ഫോടനം നടത്തണമെന്നാണ് ആല്‍ഫാ സെറിന് സമീപത്ത് താമസിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ആല്‍ഫയുടെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ 32 വീടുകളുണ്ട്. ഫ്‌ളാറ്റിന്റെ ഭിത്തികള്‍ തകര്‍ക്കുമ്പോള്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കാത്തതിനാല്‍ പ്രദേശത്തെ വീടുകളിലേക്ക് ചില്ലുകള്‍ തെറിച്ച് വീണിരുന്നു. വിള്ളലുണ്ടായതായും പൊടിശല്യം കാരണം താമസം മാറ്റേണ്ട അവസ്ഥയുണ്ടായെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഫ്‌ളാറ്റുകളുടെ ഭിത്തികള്‍ നീക്കം ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനുള്ള ദ്വാരങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. ജനുവരി 11,12 തിയ്യതികളിലാണ് സ്‌ഫോടനം നടത്തുക.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം