സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ അനുവദിക്കേണ്ടെന്ന് എം സ്വരാജ് എംഎല്‍എ. സമീപത്തെ വീടുകള്‍ക്ക് സുരക്ഷയൊരുക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാതെയാണ് സബ്കളക്ടര്‍ ഫ്‌ളാറ്റ് പൊളിക്കുന്നത്. സുരക്ഷയൊരുക്കാതെയുള്ള പൊളിക്കല്‍ സംഘടിതമായി ചെറുക്കണമെന്നും എം സ്വരാജ് പ്രദേശവാസികളോട് പറഞ്ഞു.
ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിന് സമീപത്തുള്ളവര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതില്‍ സംസാരിക്കുകയായിരുന്നു എം സ്വരാജ്. വിവിധ സംഘടനകളും പ്രദേശവാസികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് വീടുകള്‍ക്ക് ഭീഷണിയാകുന്നുവെന്നാണ് സമീപവാസികളുടെ പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ ഇടപെട്ടിരുന്നു. കെട്ടിടം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്ക് തെറിച്ചു വീഴുന്നതായും നാട്ടുകാര്‍ പറയുന്നു. ഇന്‍ഷുറന്‍സ് സംരക്ഷണം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പ്രഖ്യാപനത്തിലൊതുങ്ങുന്നുവെന്നാണ് പരാതി.