മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ചവയില്‍ ശേഷിക്കുന്ന രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ ഇന്ന് തകര്‍ക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത്. രാവിലെ 11 മണിയോടെ ജെയ്ന്‍ കോറല്‍കോവ് നിലംപൊത്തും. രണ്ട് മണിയോടെ ഗോള്‍ഡന്‍ കായലോരവും നിലംപരിശാകും. ശനിയാഴ്ച ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫാ സെറീന്‍ എന്നീ അപാര്‍ട്‌മെന്റ് സമുച്ചയങ്ങള്‍ വിജയകരമായി പൊളിച്ചിരുന്നു.
രണ്ടാംദിനത്തിലെ തകര്‍ക്കല്‍ നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ആദ്യം തകര്‍ക്കുന്ന ജെയ്ന്‍ കോറല്‍കോവിന് 200 മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ താമസക്കാരെയും മാറ്റിയിട്ടുണ്ട്. 10.30 നാണ് ആദ്യ സൈറണ്‍. ഈ സമയത്തോടെ 200 മീറ്റര്‍ പരിധിയിലുള്ള എല്ലാ റോഡുകളും അടയ്ക്കും. 10.55 ന് രണ്ടാമത്തെ സൈറണ്‍ മുഴക്കും. 11 മണിയോടെ മൂന്നാമത്തെ സൈറണോടെ ജെയ്ന്‍ കോറല്‍ കോവില്‍ സ്‌ഫോടനം നടക്കും. ജെയ്ന്‍ കോറല്‍കോവാണ്‌പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ്. 122 അപാര്‍ട്‌മെന്റുകള്‍ ഇവിടെയുണ്ട്. രണ്ട് മണിയോടെ ഗോള്‍ഡന്‍ കായലോരം സ്‌ഫോടനത്തിലൂടെ തകര്‍ക്കും.
ഗോള്‍ഡന്‍ കായലോരത്തില്‍ 40 അപാര്‍ട്‌മെന്റുകളാണുള്ളത്. ഇവിടെ 1.30 ഓടെ ആദ്യ സൈറണ്‍ നല്‍കും. 1.55 ന് രണ്ടാമത്തേതും 2 മണിയോടെ മൂന്നാമത്തേതിനൊപ്പം സ്‌ഫോടനവും സാധ്യമാക്കും. ഒന്നരയോടെ 200 മീറ്റര്‍ പരിധിയിലെ എല്ലാ റോഡുകളും അടയ്ക്കും. 1.55 ന് ദേശീയപാതയിലും ഗതാഗതം തടയും. തൊട്ടടുത്തുള്ള അംഗനവാടിക്കോ, പുതിയ ഫ്‌ളാറ്റ് സമുച്ചയത്തിനോ കേടുപാടുകള്‍ സംഭവിക്കാത്ത തരത്തിലാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുകയെന്ന് തകര്‍ക്കല്‍ ചുമതലയിലുള്ള എഡിഫൈസ് എഞ്ചിനീയറിംഗ് വ്യക്തമാക്കുന്നു.