Around us

മരട്: ഫ്‌ളാറ്റുടമകളുടെ സമരം സിപിഐഎം ഏറ്റെടുക്കുന്നു; ‘പൊളിക്കണ്ട, പിഴശിക്ഷ മതി’; ശനിയാഴ്ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ

എ പി ഭവിത

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് വേണ്ടി സമരരംഗത്തിറങ്ങുകയാണെന്ന് സിപിഐഎം. നിര്‍മ്മാണ കാലത്ത് വീഴ്ച്ച വരുത്തിയത് പഞ്ചായത്ത് സെക്രട്ടറിയാണെന്നും എല്‍ഡിഎഫ് ഭരണ സമിതിക്ക് വിഷയത്തില്‍ ഇടപെടുന്നതില്‍ പരിമിതികള്‍ ഉണ്ടായിരുന്നെന്നും കെട്ടിട നിര്‍മ്മാണം ആരംഭിച്ച കാലത്തെ മരട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം കൗണ്‍സിലറുമായ കെ എ ദേവസ്യ 'ദ ക്യൂ'വിനോട് പ്രതികരിച്ചു. ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയ ശേഷം ഇടതുപക്ഷ ഭരണ സമിതി സ്റ്റോപ് മെമോ നല്‍കിയിരുന്നു. യുഡിഎഫ് ഭരണസമിതിയാണ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം തുടരാന്‍ ഒത്താശ ചെയ്തു കൊടുത്തത്. സുപ്രീം കോടതി വിധി പ്രകാരം തീരദേശ പരിപാലന നിയമം അനുസരിച്ച് കെട്ടിടം പൊളിക്കുന്നത് പ്രായോഗികമല്ല. ഡിഎല്‍എഫ് കേസിലേതുപോലെ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് പിഴ ശിക്ഷ പോലുളള നടപടികള്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും സിപിഐഎം നേതാവ് പറഞ്ഞു.

സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച രാവിലെ മുതല്‍ മരട്‌ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ
ഓരു വെള്ളം കയറുന്ന 16-17 തോടുകളുണ്ട്. അവയുടെയെല്ലാം 200 മീറ്റര്‍ അകലത്തിലുള്ള നിര്‍മ്മാണങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ മുനിസിപ്പല്‍ ഓഫീസ് പോലും ബാക്കിയുണ്ടാകില്ല. ഡിഎല്‍എഫ് കേസിലേതുപോലെ പിഴശിക്ഷയ്ക്ക് സമാനമായി നടപടികളാണ് സ്വീകരിക്കേണ്ടത്.
കെ എ ദേവസ്യ

തനിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന യുഡിഎഫ് ഭരണസമിതിയുടെ ആവശ്യം സ്വാഗതം ചെയ്യുകയാണെന്നും സിപിഐഎം കൗണ്‍സിലര്‍ പറഞ്ഞു. മറ്റ് കൗണ്‍സിലര്‍മാരില്‍ നിന്ന് വ്യത്യസ്തമായി രാവിലെ പത്ര വിതരണം നടത്തി ജീവിക്കുന്നയാളാണ് താന്‍. വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏത് ഏജന്‍സിയുടേയും അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ദേവസ്യ വ്യക്തമാക്കി.

'പഞ്ചായത്ത് സെക്രട്ടറിയുടെ അധികാരപരിധിയില്‍ ഇടപെടാനായില്ല'

തെരഞ്ഞെടുക്കപ്പെട്ടവര്‍ നയരൂപീകരണം മാത്രമാണ് നടത്തുന്നത്. വരുന്ന ആളുകള്‍ക്ക് ആ നഗരസഭയില്‍ ഓരോ വിഷയങ്ങള്‍ക്കും കാലാവധിയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടത്തിക്കൊടുക്കണം. ഞാന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഈ നഗരസഭാ അതിര്‍ത്തിയില്‍ ഇത്രയുമധികം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷെ അന്ന് ഭരണനിര്‍വ്വഹണം എന്ന നിലയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതും അനുമതി കൊടുക്കുന്നതും പഞ്ചായത്ത് സെക്രട്ടറിമാരാണ്. പഞ്ചായത്ത് സെക്രട്ടറി പ്ലാന്‍ പാസാക്കുന്നതും നമ്പറിടുന്നതുമെല്ലാം പരിശോധിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമുണ്ടാകുന്നത് പരാതി വരുമ്പോഴാണ്. ഒരു മുനിസിപ്പല്‍ സെക്രട്ടറി സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പിടിക്കപ്പെടുമ്പോഴാണ് അങ്ങനെയൊരു പരാതിയുണ്ടാകുന്നത്. സെക്രട്ടറിയെ പിടിച്ചത് കണ്ടു എന്ന് രേഖപ്പെടുത്താന്‍ സാധാരണ ഭരണസമിതികള്‍ ആരും തയ്യാറാകാറില്ല. അന്ന് അത് രേഖപ്പെടുത്തിയത് ഞാന്‍ തന്നെയാണ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ജനപ്രതിനിധികളുടെ മുന്നില്‍ വരേണ്ട ആവശ്യമില്ല. വിജിലന്‍സ് 35 ഫയലുകളില്‍ ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് സമിതിയോട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഫയലുകള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അന്ന് ഇക്കാര്യം മാത്രം അജണ്ട വെച്ച് കൗണ്‍സില്‍ വിളിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം കൊടുത്തു. 14 കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ ചട്ട ലംഘനമുണ്ട് എന്നാണ് ആ പരിശോധനയില്‍ അന്നത്തെ ഉദ്യോഗസ്ഥര്‍ എഴുതിത്തന്നത്. തീരദേശപരിപാലന നിയമം ലംഘിച്ചു എന്നല്ല, ചട്ടലംഘനമുണ്ട് എന്ന് മാത്രം. ഈ 14 പേര്‍ക്കും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം റൂള്‍ 16 അനുസരിച്ച് സ്റ്റോപ് മെമോ കൊടുത്തിരുന്നു. പഞ്ചായത്ത് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് അതുണ്ടായത്. പ്രസിഡന്റ് എന്ന നിലയില്‍ ആ കടമ അന്ന് ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു.

'കെട്ടിട നിര്‍മ്മാണത്തിന് ഒത്താശ ചെയ്തത് യുഡിഎഫ്'

ഞങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ വന്ന യുഡിഎഫ് ഭരണസമിതി കെട്ടിട നിര്‍മ്മാതാക്കളുമായി ധാരണയുണ്ടാക്കുകയും കോടതിയില്‍ പോകാനുള്ള ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തു. കോടതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അഭിഭാഷകര്‍ നിശ്ശബ്ദരായി, കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമാകുന്ന നിലപാട് സ്വീകരിച്ചു. അതിന്റെ ഭാഗമായാണ് കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് തുടര്‍ അനുമതി ലഭിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് നമ്പറിട്ട് കൊടുത്തതും താമസക്കാര്‍ വരുന്നതും യുഡിഎഫ് പഞ്ചായത്തിന്റെ സമയത്താണ്. അന്ന് തങ്ങള്‍ കൊടുത്ത സ്റ്റോപ് മെമോ തുടരാനാണ് യുഡിഎഫ് സമിതി തീരുമാനിച്ചിരുന്നതെങ്കില്‍ ഒരു പക്ഷെ ഇന്ന് ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടാകില്ലായിരുന്നു.

സിപിഐഎം ഈ കെട്ടിടം പൊളിക്കുന്നതിന് എതിരാണ്. കെട്ടിടം പൊളിക്കുന്നതിനെതിരെ ബഹുജന ധര്‍ണ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി ആലോചിച്ച ശേഷമാണ് ധര്‍ണ നടത്താനുള്ള തീരുമാനം.
കെ എ ദേവസ്യ

'നിയമം നടപ്പാക്കിയാല്‍ എല്ലാം പൊളിക്കേണ്ടി വരും, പിഴ മതി'

ഇപ്പോള്‍ കോടതി ഇക്കാര്യം പറയുന്നതില്‍ പിശകുണ്ട്. 16-17 തോടുകള്‍ക്ക് വേലിയേറ്റവും വേലിയിറക്കവുമായി ബന്ധപ്പെട്ട് ഓരു ബണ്ട് നിര്‍മ്മിക്കാന്‍ പണം കൊടുക്കുന്നുണ്ട്. മുനിസിപ്പല്‍ അതിര്‍ത്തിയില്‍ തീരദേശ പരിപാലന നിയമം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍? ആ തോടുകളുടെയെല്ലാം 200 മീറ്റര്‍ അകലത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ഫ്‌ളാറ്റില്‍ താമസിക്കുന്ന ആരെങ്കിലും പരാതികൊടുത്താല്‍? തീരദേശ പരിപാലന നിയമം ഈ വിധി നടപ്പിലാക്കുന്നതോടെ നിലവില്‍ വരികയാണ്. അങ്ങനെയുണ്ടായാല്‍ മുനിസിപ്പല്‍ ഓഫീസ് ഉള്‍പ്പെടെ പൊളിച്ചുകളയേണ്ടി വരും. കെആര്‍എല്ലിന്റേതുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ നിര്‍ബന്ധിതമാകും. ഒരു മുനിസിപ്പല്‍ സംവിധാനം തന്നെ ഇല്ലാതെയാകും. ഈ നടപടി കോടതി പുനപരിശോധനയ്ക്ക് വെച്ച് ഡിഎല്‍എഫിന് വിധിച്ചതുപോലെ പിഴയടക്കല്‍ പോലുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT