സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് സമീപവാസികള്‍ക്ക് 125 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ഒറ്റത്തവണ പ്രീമിയമായി സംസ്ഥാന സര്‍ക്കാര്‍ 69 ലക്ഷം അടയ്ക്കണം. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിയാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് സമീപത്ത് താമസിക്കുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകുക.
ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊളിക്കുന്നതിനുള്ള കരാര്‍ എടുത്ത കമ്പനികള്‍ക്ക് ടെണ്ടര്‍ നല്‍കുമ്പോള്‍ ഉള്‍പ്പെടുത്താത്തതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരുന്നത്.
ഇന്‍ഷുറന്‍സ് പ്രീമിയമായി 83 ലക്ഷം രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചയെ തുടര്‍ന്ന് 69 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെയും 50 മീറ്റര്‍ ചുറ്റളവിലുള്ള വീടുകളുടെ പരിശോധന ബുധാനാഴ്ച ആരംഭിക്കും. ഇവയുടെ വിപണിവില ഉള്‍പ്പെടെ കണക്കാക്കും. വീഡിയോ പകര്‍ത്തും. ജനുവരി 11നാണ് ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതിനായുള്ള സ്‌ഫോടനം നടത്തുക. ഒരു വര്‍ഷത്തേക്കാണ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം