മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി അന്ത്യശാസനത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ചയാണ് സര്‍വകക്ഷിയോഗം. മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം. ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ്. ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് കാട്ടിയാണ് ഹര്‍ജി. ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് കാട്ടി നിര്‍മ്മാതാക്കള്‍ മരട് നഗരസഭയ്ക്ക് നല്‍കിയ കത്ത് പുറത്തുവന്നിരുന്നു. ഫ്‌ളാറ്റുകള്‍ നിയമാനുസൃതമാണ് വാദിച്ചാണ് നിര്‍മ്മാതാക്കളുടെ കത്ത്. ആല്‍ഫ വെഞ്ചേഴ്‌സ് എന്ന ഫ്ലാറ്റ് ഉടമകളാണ് നഗരസഭക്ക് മറുപടി നല്‍കിയിരിക്കുന്നത്. സമയപരിധി അവസാനിച്ചാലും ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് ഫ്‌ളാറ്റ് ഉടമകള്‍. നോട്ടീസ് കൈപ്പറ്റിയവരും ഇതേ നിലപാടിലാണ്. ഫ്‌ളാറ്റ് ഉടമകളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ മരട് നഗരസഭയ്ക്കും വ്യക്തതയില്ല.
സമയപരിധി അവാസാനിക്കുന്ന പശ്ചാത്തലത്തില്‍ റിലേ സത്യഗ്രവും സമരവുമായി ഫ്‌ളാറ്റ് ഉടമകള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കുണ്ടന്നൂര്‍ ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റിന് മുന്നിലും നഗരസഭയ്ക്ക് മുന്നിലുമായാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമരവേദിയില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു.
ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നതില്‍ പരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാര്‍ക്ക് മൂന്നിന നിര്‍ദേശവുമായി കത്തയച്ചു. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്‌ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിക്കുന്നുവെങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക എന്നിങ്ങനെയാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശങ്ങള്‍.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് നഗരസഭ അധികൃതര്‍ പ്രതികരിക്കുന്നത്. 343 ഫ്‌ളാറ്റുകളിലെ 1472 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത്. ഇവരെ താമസിപ്പിക്കുന്നതിനായുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ കണയന്നൂര്‍ തഹസില്‍ദാര്‍ ശേഖരിച്ചിട്ടുണ്ട്. മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. പൊളിച്ച് മാറ്റാനുള്ള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. അഞ്ച് കമ്പനികള്‍ സമീപിച്ചിട്ടുണ്ടെങ്കിലും വിദഗ്ധരായവരെ ഐഐടികളുടെ സഹായത്തോടെ തിരഞ്ഞെടുക്കണമെന്നാണ് നഗരസഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്‌ളാറ്റുകളില്‍ പൊളിച്ച് നീക്കി 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം.
കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത്, നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോളിഡേ ഹെറിറ്റേജ്, കേട്ടേഴത്ത് കടവിലെ ജെയിന്‍, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് പൊളിച്ച് നീക്കേണ്ടത്. ആകെ 350 ഓളം ഫ്‌ളാറ്റുകളാണ് എല്ലാറ്റിലും കൂടിയുള്ളത്. സിആര്‍സെഡ് സോണ്‍ 3 ല്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ ഫ്‌ളാറ്റുകള്‍. ഈ സോണില്‍ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. അതായത് തീരദേശത്തുനിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചേ നിര്‍മ്മാണങ്ങള്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇതിന്റെ നഗ്നമായ ലംഘനമാണ് മരടില്‍ ഉണ്ടായത്. 2006 ലാണ് മരട് പഞ്ചായത്ത് ഈ ഫ്‌ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്.