തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചിട്ടും പൊലീസ് കുറ്റം ഏല്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പോക്‌സോ കേസില്‍ പുറത്തിറങ്ങിയ പതിനെട്ടുകാരന്‍ ശ്രീനാഥ്. ഡി.എന്‍.എ ഫലം നെഗറ്റീവായതിനെ തുടര്‍ന്നായിരുന്നു മലപ്പുറം തിരൂരങ്ങാടിക്കടുത്ത് ശ്രീനാഥിന് ജാമ്യം ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ 35 ദിവസമാണ് ശ്രീനാഥിന് ജയിലില്‍ കഴിയേണ്ടി വന്നത്.
പൊലീസിനെതിരെ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീനാഥിന്റെ കുടുംബം. കേസന്വേഷത്തിനിടെ പൊലീസ് തന്നെ മര്‍ദ്ദിച്ചുവെന്നും ശ്രീനാഥ് ആരോപിക്കുന്നുണ്ട്.
ചെയ്യാത്ത തെറ്റിന് മൂന്നു ജയിലുകള്‍ കയറി ഇറങ്ങി, വിലങ്ങണിയിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് പൊലീസ് കരണത്തടിച്ചത്, നീ പൊട്ടനാണോ എന്ന് ചോദിച്ചായിരുന്നു അടിച്ചത്. ഇതുമൂലം തന്റെ കേള്‍വി കുറഞ്ഞെന്നും ശ്രീനാഥ് പറയുന്നു.
ജൂലൈ 22ന് അര്‍ധരാത്രി വീട്ടിലെത്തിയ കല്പകഞ്ചേരി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശ്രീനാഥിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മകന്‍, തെറ്റ് ചെയ്തിട്ടില്ലെന്നും, ഇതില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടും എസ്.ഐ അടക്കം വളരെ മോശമായി പെരുമാറി, കേസിന്റെ കൂടുതല്‍ കാര്യങ്ങള്‍ പറയാതെയാണ് വീട്ടില്‍ നിന്നും ശ്രീനാഥിനെ കൊണ്ടുപോയതെന്നും അമ്മ പറഞ്ഞു.
ശ്രീനാഥിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടൈ മൊഴി, എന്നാല്‍ പെണ്‍കുട്ടി പറഞ്ഞ ദിവസം താനും മൂത്തമകനും ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നുവെന്നും, പെണ്‍കുട്ടി എന്തുകൊണ്ടാണ് മകന്റെ പേര് പറഞ്ഞതെന്നും അറിയില്ലെന്നും അമ്മ ശ്രീമതി പറഞ്ഞു.
അതേസമയം നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിസ്ഥാനത്ത് നിന്നും ശ്രീനാഥിനെ ഒഴിവാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിക്ക് ജാമ്യം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും, കേസില്‍ വിശദമായ അന്വേഷണം നടത്താനുമാണ് പൊലീസിന്റെ തീരുമാനം.