Around us

'ഇന്‍സ്റ്റിറ്റ്യൂട്ടിലേത് പുതിയ പ്രശ്‌നമല്ല, കൂടെ നില്‍ക്കുന്നവരുടെ അടക്കം ജാതി പ്രശ്‌നമാകുന്നത് കണ്ടിട്ടുണ്ട്'; മഹേഷ് നാരായണന്‍

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളില്‍ അടിയന്തര പരിഹാരമുണ്ടാകണമെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. ഇടതുസര്‍ക്കാര്‍ ഭരണത്തിലിരിക്കെ ഇത്തരം വിവേചനങ്ങള്‍ തുടരാന്‍ അനുവദിച്ചുകൂടെന്നും, വിദ്യാര്‍ഥികളുടെ പരാതി പരിഹാരത്തിനായി കൃത്യമായ സംവിധാനം ഒരുക്കണമെന്നും മഹേഷ് നാരായണന്‍ ആവശ്യപ്പെട്ടു. തന്റെ സഹപ്രവര്‍ത്തകരായ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും വിവേചനം നേരിടേണ്ടി വന്നിട്ടുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ശക്തിയോടെ പുറത്തുവന്നിരിക്കുന്നത്. അത്തരം വിവേചനങ്ങളെക്കുറിച്ച് പ്രത്യക്ഷത്തില്‍ തന്നെ അറിവുള്ളതാണ്. തന്റെ ടീമിലംഗമായ അനന്ത പദ്മനാഭന്‍ എന്ന വിദ്യാര്‍ഥിയുടെ അനുഭവം പരാമര്‍ശിച്ച് മഹേഷ് നാരായണന്‍ പറഞ്ഞു. അവന്റെ ജാതി പലയിടത്തും ഒരു വിഷയമാകുന്നത് കാണുമ്പോള്‍ ദുഃഖമുണ്ട്. 'മലയന്‍കുഞ്ഞ്' എന്ന പേരില്‍ ഒരു സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കാലത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജാതി പ്രശ്‌നമാകുന്നതില്‍ വിഷമമുണ്ട്', മഹേഷ് നാരായണന്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് കട്ട് ഓഫ് മാര്‍ക്കിന്റെയോ പ്രായത്തിന്റെയോ പേരില്‍ അവസരം നിഷേധിക്കപ്പെടുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലല്ല മെറിറ്റ് നിശ്ചയിക്കേണ്ടത്. മാര്‍ക്കിന്റെയും പ്രായത്തിന്റെയും പരിധി വച്ച് സീറ്റ് നിഷേധിക്കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ വിദ്യാര്‍ഥികളുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ്. വിദ്യാര്‍ഥികളുടെ എണ്ണം ചുരുങ്ങുമ്പോള്‍ പ്രാജക്ടുകളുടെ ഭാരം വര്‍ദ്ധിക്കും. ഈ സാഹചര്യത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കാനാകാതെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാകും.
മഹേഷ് നാരായണന്‍

കേരളത്തിലെ തന്നെ മികച്ച സാങ്കേതിക സംവിധാനങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്. ആ സംവിധാനങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ ചിന്താഗതിയുടെ പേരില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രം മാറ്റിവയ്ക്കാനാകില്ല. എല്ലാവര്‍ക്കും അവസരം ലഭിക്കുന്ന ഒരു ജനാധിപത്യം സാധ്യമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സമരക്കാരെ തള്ളി ആരോപണവിധേയനായ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ പിന്തുണച്ച മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്റെ പരാാമര്‍ശത്തില്‍ മഹേഷ് നാരായണന്‍ പ്രതികരിച്ചില്ല. എന്ത് അര്‍ഥമാക്കിയാണ് അദ്ദേഹം അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതെന്ന് വ്യക്തമല്ല എന്നായിരുന്നു ദ ക്യൂ സ്റ്റുഡിയോയോടുള്ള സംവിധായകന്റെ പ്രതികരണം. എന്നാല്‍ 'ഉന്നത കുല' കുടുംബത്തില്‍പ്പെട്ടവര്‍ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികളുടെ അവസ്ഥയെന്താകുമെന്ന ആശങ്കയും ഒരു ചിരിയോടൊപ്പം അദ്ദേഹം പങ്കുവച്ചു.

27-ാമത് അന്താരാഷ്ട്ര ചലചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 13 ന് ഐഎഫ്എഫ്‌കെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററിന് മുന്നില്‍ കെ. ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിക്കൊണ്ട് മഹേഷ് നാരായണന്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT