ആരാധനാമൂര്‍ത്തിയില്‍ വിശ്വാസമുള്ള ഇതര മത വിശ്വാസികളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് പി. എന്‍ പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ വെയ്ക്കുന്നുണ്ടല്ലോ. മുസ്ലിം ആരാധനാലയമായ നഗോര്‍ ദര്‍ഗ്ഗയിലും ക്രൈസ്തവ ആരാധനാലയമായ വേളാങ്കണ്ണി പള്ളിയില്‍ നിരവധി ഹിന്ദുക്കള്‍ ആരാധന നടത്താന്‍ എത്താറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കുംഭാഭിഷേകത്തില്‍ ക്രിസ്തുമത വിശ്വാസിയായ മന്ത്രി പങ്കെടുക്കുന്നതിനെതിരെ സി സോമന്‍ എന്ന വ്യക്തിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ നടന്ന കുംഭാഭിഷേക ചടങ്ങില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തത്. മന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
കുംഭാഭിഷേകം പോലുള്ള പരിപാടികളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. അതില്‍ ഓരോരുത്തരുടെയും മതം തിരിച്ചറിയാന്‍ അധികൃതര്‍ക്ക് പ്രയോഗികമായി കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിശ്വാസമുള്ളവരെ വിലക്കരുതെന്നും കോടതി നിരീക്ഷിച്ചു.