Around us

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന് അദാനിയുടെ നിഴല്‍ കമ്പനിയില്‍ നിക്ഷേപം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. അദാനിയുടെ കടലാസ് കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ്‍ നിക്ഷേപം നടത്തിയതിന്റെ രേഖകളും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടു. ഇന്ത്യന്‍ ഓഹരി വിപണിയുടെ റെഗുലേറ്ററായ സെബിയുടെ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന് ഒന്നരവര്‍ഷം മുമ്പ് ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയത് വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇക്കാര്യം അന്വേഷിച്ച സെബി അദാനി ഗ്രൂപ്പിന് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. അദാനിക്കെതിരായ ആരോപണത്തില്‍ സെബി ഹിന്‍ഡന്‍ബര്‍ഗിന് കഴിഞ്ഞ ജൂണില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സെബി ചെയര്‍പേഴ്‌സണും ഭര്‍ത്താവിനും എതിരെ ഗുരുതരമായ ആരോപണം ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരിക്കുന്നത്.

മാധബി പുരി ബുച്ച്

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരന്‍ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഴല്‍കമ്പനികളില്‍ മാധബി പുരിയ്ക്കും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും ദുരൂഹമായ പങ്കാളിത്തമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥാപനങ്ങളുമായി ബന്ധമുള്ള വ്യക്തി പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. 'ഇന്ത്യയ്ക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ ഉടന്‍' എന്ന ഒറ്റവരി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയോടെയാണ് രേഖകള്‍ പുറത്ത് വിട്ടത്

ഹിന്‍ഡന്‍ബര്‍​ഗ് റിപ്പോർട്ട്

ഓഹരി നിക്ഷേപകരെ കബളിപ്പിച്ച അദാനി ഗ്രൂപ്പിനെതിരെ സെബി ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് ഇത്തരം ബന്ധമുള്ളതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അദാനി ഗ്രൂപ്പിലേക്ക് വിദേശത്തുനിന്ന് പണമിറക്കാന്‍ വിനോദ് അദാനി മൗറീഷ്യസ് ആസ്ഥാനമായ ഐപിഇ പ്ലസ് ഫണ്ട് എന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയെയാണ് ആശ്രയിച്ചിരുന്നത്. 2015 ജൂണ്‍ മുതല്‍ മാധബി പുരിയ്ക്കും ഭര്‍ത്താവിനും ഐപിഇ പ്ലസ് ഫണ്ടില്‍ രഹസ്യ നിക്ഷേപമുണ്ട്.

ധാവല്‍ ബുച്ച്

2023 ജനുവരിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പിന്നാലെ അദാനി ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരം സെബി അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തിയെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കി. അദാനിക്ക് വിദേശത്തുനിന്ന് പണമെത്തിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ സെബി തുനിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ശരിയായ അന്വേഷണം നടത്തിയാല്‍ സെബി ചെയര്‍പേഴ്‌സണ്‍ തന്നെ വെട്ടിലാകുമെന്നും അതുകൊണ്ടാണ് അദാനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടിനെതിരെ ഹിന്‍ഡന്‍ബര്‍ഗിന് സെബി 2024 ജൂലൈയില്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. സെബിയുടേത് ശുദ്ധ വിഡ്ഢിത്തമാണെന്നാണ് അന്ന് ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് സെബിയെ കുരുക്കുന്ന വെളിപ്പെടുത്തല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. സെബിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മാധബി പുരി ബുച്ച്.

'ഹിന്‍ഡന്‍ബര്‍ഗ് സ്വഭാവഹത്യ നടത്തുകയാണ്. ഏത് ഏജന്‍സിക്കും രേഖകള്‍ നല്‍കാന്‍ തയ്യാറാണ്. ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ പ്രതികാരമാണ് നിലവില്‍ നടത്തുന്നത്. എന്റെ ജീവിതവും സാമ്പത്തിക ഇടപാടുകളും ഒരു തുറന്ന പുസ്തകമാണ്,' ഇതായിരുന്നു വെളിപ്പെടുത്തലിന് പിന്നാലെ മാധബി ബുച്ച് പ്രതികരിച്ചത്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പറയുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT