ഭര്‍തൃപീഢന പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി പെരുമാറിയതിനെ ന്യായീകരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കൊല്ലത്ത് സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് പ്രതികരണം.
മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം
ഒരു സ്ത്രീ പരാതി പറയാന്‍ വിളിച്ചപ്പോള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയില്ലേ അനുഭവിച്ചോളൂ എന്ന് മാഡം പറഞ്ഞല്ലോ
ജോസഫൈന്റെ മറുപടി
ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല.
മാധ്യമപ്രവര്‍ത്തകന്‍
പറഞ്ഞിട്ടുണ്ട്, അങ്ങനെ ഒരു വീഡിയോ ഉണ്ട്
ജോസഫൈന്‍
അങ്ങനെ പല വീഡിയോയും വരും, അതൊക്കെ നിങ്ങള്‍ ഈ വിധത്തില്‍ ഏറ്റെടുത്ത് ഈ സന്ദര്‍ഭങ്ങളില്‍ അത്തരം ചോദ്യം ഉന്നയിക്കുകയല്ല വേണ്ടത്. ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായിട്ടാണ് മുന്നോട്ട് പോകുന്നത്. അത്ര മാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീക്ക് അത്തരം അനുഭവം ഭര്‍ത്താവില്‍ നിന്നോ വേറെ ഏത് പുരുഷനില്‍ നിന്ന് ഉണ്ടായാലും പെട്ടെന്ന് വനിതാ കമ്മീഷനിലേക്ക് എത്താനാകില്ല. അതുകൊണ്ട് ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ എത്താന്‍ പറയും. അത് എല്ലാവരോടും പറയുന്നതാണ്.
ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകും. അങ്ങനെ ബോള്‍ഡ് ആയി സംസാരിക്കേണ്ട സന്ദര്‍ഭം വരും.
എന്നാല്‍ പിന്നെ അനുഭവിച്ചോ
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വീണ്ടും വിവാദത്തില്‍. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടയാളെ അപമാനിച്ചതാണ് പുതിയ വിവാദം. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി മനോരമ ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞയാളോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം. തുടക്കം മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പീഡന പരാതി ഉന്നയിച്ച ആളോട് സംസാരിക്കുന്നത്.
2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് ചാനലിലേക്ക് ഫോണ്‍ ചെയ്ത യുവതി പരാതി പറയുന്നു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി. എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് എം.സി.ജോസഫൈന്റെ ആദ്യ പ്രതികരണം.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ. ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.