കൊവിഡ് വ്യാപനം കടുത്ത ആശങ്കയുയര്‍ത്തിയിരിക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനക്കൂട്ടം. പൊലീസുകാരുമായി നാട്ടുകാര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പൊലീസിനോട് ഏറ്റുമുട്ടിയത്. പ്രദേശത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം തടഞ്ഞു. പൂന്തുറയ്‌ക്കെതിരെ സര്‍ക്കാരും പൊലീസും വ്യാജ ആരോപണങ്ങളുയര്‍ത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സമീപ പ്രദേശങ്ങളിലെ പരിശോധനാഫലം കൂടി പുന്തുറയുടെ പേരിലാക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
ഇന്നലെ തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 92 പേരില്‍ 77 പേരും പൂന്തുറയിലാണ്. കൊവിഡ് ബാധിതരില്‍ ഒരു വയസ്സുകാരി മുതല്‍ 70 കാരന്‍ വരെയുണ്ട്. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ കെ ശ്രീകുമാറുമെല്ലാം വ്യക്തമാക്കിയിരുന്നു. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇവിടെ ഡോര്‍ ടു ഡോര്‍ രീതിയില്‍ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കമാന്‍ഡോകളടക്കം 500 പൊലീസുകാരെയും നിയോഗിച്ചു. മത്സ്യബന്ധന ബോട്ടുകളുടെ തമിഴ്‌നാട് മേഖലയിലേക്കുള്ള പോക്കുവരവുകള്‍ നിരോധിച്ചിട്ടുമുണ്ട്.