കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കുകയായിരുന്നു. 52 അംഗ നഗരസഭയില്‍ 22 വീതം അംഗങ്ങളാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ഉള്ളത്. 52 അംഗങ്ങളില്‍ 29 പേര്‍ പ്രമേയത്തെ അനൂകൂലിച്ചു. ഒരു വോട്ട് അസാധുവായി.
എട്ട് സീറ്റുള്ള ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ വിപ്പ് നല്‍കിയതോടെ തന്നെ യു.ഡി.എഫിന് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.
പ്രമേയം പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് നിര്‍ദേശ പ്രകാരം യു.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നു. കോട്ടയത്ത് ഈരാറ്റുപേട്ടയ്ക്ക് പിന്നാലെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമാകുന്നത്.
ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ 21 സീറ്റ് യു.ഡി.എഫ്, 22 സീറ്റ് എല്‍.ഡി.എഫ് എട്ട് സീറ്റ് ബി.ജെ.പി എന്നായിരുന്നു കക്ഷി നില.
കോണ്‍ഗ്രസ് വിമതയായി വിജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് അംഗബലം 22 ആകുകയായിരുന്നു. ടോസില്‍ യു.ഡി.എഫിനെ ഭാഗ്യം തുണയ്ക്കുകയും ബിന്‍സി ചെയര്‍പേഴ്‌സണാകുകയും ചെയ്തിരുന്നു.