തിരുവനന്തപുരം: കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള വിവിധ ക്രിസ്ത്യന്‍ സഭകളുടെ തീരുമാനത്തിന് പിന്നാലെ ലത്തീന്‍ സഭയും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയാണ് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പ്രോത്സാഹനവുമായി രംഗത്തെത്തിയത്.
അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനിമുതല്‍ ബിഷപ്പുമാര്‍ നേരിട്ട് മാമോദീസ ചടങ്ങ് നടത്തുമെന്നാണ് പ്രഖ്യാപനം. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് ലത്തീന്‍ അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യമോ സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസോ പ്രാരംഭ കൂദാശ നല്‍കുമെന്നും സഭ അറിയിച്ചു.
ഇതിന് തുടക്കം കുറിക്കുന്നതിനായി സെന്റ് തെരേസാസ് പള്ളിയില്‍ വെച്ച് ഓഗസ്റ്റ് 23ന് ഡോ. ആര്‍ ക്രിസ്തുദാസ് ഈ വിഭാഗത്തില്‍പ്പെടുന്ന തെരഞ്ഞെടുത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാമോദീസ നടത്തുമെന്നും അതിരൂപത വ്യക്തമാക്കി.
നേരത്തെ 2000ത്തിന് ശേഷം വിവാഹിതരായ നാലോ അതില്‍ അധികമോ കുട്ടികള്‍ ഉള്ള കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന പാലാ രൂപതയുടെയും പത്തനംതിട്ട രൂപതയുടെയും പ്രഖ്യാപനം ഏറെ വിവാദമായിരുന്നു.
2000ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നാണ് പാലാ രൂപതയുടെ പ്രഖ്യാപിച്ചത്.
ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്തിരുന്നു.
സമാനമായ സഹായമാണ് സീറോ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും പ്രഖ്യാപിച്ചത്. ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ രൂപതയില്‍ നിന്നും ലഭിക്കുമെന്നാണ് വാഗ്ദാനം. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഇത്തരം പ്രഖ്യാപനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും പ്രോത്സാഹനങ്ങളുമായി കത്തോലിക്ക സഭകളില്‍ നിന്നും ഇത്തരം നീക്കങ്ങളുണ്ടാകുന്നത്.