സര്‍ക്കാര്‍ നിശ്ചയിച്ച 34 ലക്ഷം രൂപ ഉച്ചയോടെ ലേക് പാലസ് അധികൃതര്‍ പിഴയടച്ചു. നഗരസഭാ തീരുമാനം അസാധുവാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെയായിരുന്നു പിഴയടക്കല്‍. ആലപ്പുഴ നഗരസഭ പിഴ സ്വീകരിച്ചു. മുന്‍സിപ്പല്‍ നിയമപ്രകാരം പിഴ സ്വീകരിക്കാതിരിക്കാനാവില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
1,17,78,654 രൂപയാണ് നഗരസഭ കൗണ്‍സില്‍ നിശ്ചയിച്ചത്. 34 ലക്ഷം മതിയെന്നാണ് സര്‍ക്കാറിന്റെ ഉത്തരവ്. ചട്ടലംഘനത്തിന്റെ പേരിലാണ് ലേക് പാലസിന് നികുതിയും പിഴയും നഗരസഭ ചുമത്തിയത്. ലേക്ക് പാലസ് റിസോര്‍ട്ടിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം. തോമസ് ചാണ്ടിക്കാനുകൂലമായി സര്‍ക്കാര്‍ ഇളവ് ചെയ്തു നല്‍കിയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
നഗരസഭയുടെ കെട്ടിടനികുതി നിര്‍ണയം സര്‍ക്കാറിന് പരിശോധിക്കാമെന്ന കേരള മുന്‍സിപ്പല്‍ ആക്ട് 233(18) ചൂണ്ടിക്കാട്ടിയാണ് ഇളവ് ചെയ്തു കൊണ്ടുള്ള പുതിയ ഉത്തരവ് ഇറക്കിയത്. 2017 ഒക്ടോബര്‍ 20ന് നിലവില്‍ വന്ന കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട് പ്രകാരവുമാണ് നടപടി. നഗരസഭ സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തിയ നടപടി അംഗീകരിക്കുന്നുവെന്നും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഉത്തരവിട്ടിരിക്കുന്നു.
നഗരസഭയുടെ തിരുമല വാര്‍ഡിലാണ് തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട്. റിസോര്‍ട്ടിനും അനുബന്ധ കെട്ടിടങ്ങള്‍ക്കും മെയ് 22 ന് ഒരുകോടി പതിനേഴു ലക്ഷം രൂപ നികുതി തീരുമാനിച്ചു. ഇതിന് തുല്യമായ ബാങ്ക് ഗ്യാരന്റിയും ഹാജരാക്കണമെന്ന നിര്‍ദേശത്തോടെ ലൈസന്‍സ് രണ്ട് മാസത്തേക്ക് നഗരസഭ പുതുക്കി.
കൗണ്‍സില്‍ തീരുമാനത്തിനെതിരെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സര്‍ക്കാറിനെ സമീപിച്ചു. ഇതില്‍ മെയ് മുപ്പതിന് ദക്ഷിണമേഖല ജോയിന്റ് ഡയറക്ടര്‍ സര്‍ക്കാറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നഗരസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്നും ലേക് പാലസിന്റെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നുമായിരുന്നു ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 34 ലക്ഷം രൂപ നികുതി മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്നും ജൂണ്‍ 26 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ തീരുമാനത്തില്‍ നഗരസഭ സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൗണ്‍സില്‍ സര്‍ക്കാറിന്റെ നിര്‍ദേശം നേരത്തെ തള്ളിയത്. സംസ്ഥാന സര്‍ക്കാറിന് അനുകൂലമായി നിന്ന സെക്രട്ടരിക്കെതിരെ നഗസഭ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.