സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കരുതെന്ന കോണ്‍ഗ്രസ് വിലക്ക് തള്ളി കെവി തോമസ്. ഇതൊരു ദേശീയ പ്രശ്‌നം സംബന്ധിച്ച സെമിനാറാണെന്നും കോണ്‍ഗ്രസിന് പരിമിതികളുണ്ടെന്നും കെവി തോമസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനല്ല താന്‍ പോകുന്നതെന്നും സെമിനാറില്‍ പങ്കെടുക്കാനാണെന്നും തോമസ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ സി.പി.ഐ.എമ്മിനോടൊപ്പം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. താന്‍ നൂലില്‍ കെട്ടി വന്നയാളല്ല. കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ്. സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്തിനാണിത്ര വിരോധമെന്നും കെവി തോമസ് എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ വി തോമസിന്റെ വാക്കുകള്‍
കണ്ണൂരില്‍ പോയാല്‍ പാര്‍ട്ടിക്ക് പുറത്ത് എന്നാണ് പറഞ്ഞത്. അല്ലാതെ ഇങ്ങനെയൊരു സംഭവമുണ്ടായാല്‍ എന്നോടല്ലേ ആദ്യം സംസാരിക്കേണ്ടത്. എന്റെ തീരുമാനം ഇതൊരു ദേശീയ പ്രശ്‌നമാണ്. ബിജെപിയെ എതിര്‍ക്കുന്നയാളുകള്‍, വര്‍ഗീയതയെ എതിര്‍ക്കുന്നയാളുകള്‍ ഒറ്റക്കെട്ടായി നിക്കണം. കോണ്‍ഗ്രസിന് പരിമിതികളുണ്ട്. എല്ലാവരെയും ഒപ്പം കൂട്ടിയാല്‍ മാത്രമേ കോണ്‍ഗ്രസിനെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയൂ. കേരളത്തില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് സിപിഐഎമ്മും കോണ്‍ഗ്രസും രണ്ട് തട്ടിലാണ്. അല്ലാതെ കോണ്‍ഗ്രസിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല.
അത് കേരളത്തിലെ പ്രശ്‌നമാണ്. പക്ഷെ കണ്ണൂരില്‍ നടക്കുന്ന സിപിഐഎമ്മിന്റെത് ദേശീയ സമ്മേളനമാണ്. ഞാന്‍ ആ സമ്മേളനത്തിലേക്ക് അല്ല പോകുന്നത്. ഞാന്‍ സെമിനാറിലേക്കാണ് പോകുന്നത്. അതുകൊണ്ട് സെമിനാറില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഞാന്‍ പോകും. കോണ്‍ഗ്രസ് ആണ് തെറ്റ് തിരുത്തേണ്ടത്.
ഞാന്‍ വേറെ പാര്‍ട്ടിയിലേക്ക് വിട്ടു പോവുകയൊന്നുമില്ല. വേറെ പാര്‍ട്ടിയിലേക്കുമില്ല. എന്റെ അന്ത്യം ഈ പാര്‍ട്ടിയോടു കൂടി തന്നെയാണ്. എന്നെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ചിട്ടുണ്ട്.
എന്നെ വിളിക്കുന്നത് തിരുത തോമയെന്നാണ്. ഞാന്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചയാളാണ്. അതെന്താ ഒരു തെറ്റാണോ?