സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്തതിന്റെ വിവാദങ്ങളും പ്രതിഷേധങ്ങളും കത്തിക്കയറുന്നതിനിടെ മന്ത്രി കെ.ടി ജലീലിന്റെ വസതിയില്‍ എഴുത്തിനിരുത്തും ചോറൂണും. പുറത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കത്തിക്കയറുന്നതിനിടെയാണ് നേരത്തെ നിശ്ചയിച്ച പ്രകാരം ചടങ്ങുകള്‍ നടന്നത്. കാവുംപുറം പാതിരിക്കാട് സ്വര്‍ണപ്പണി ചെയ്യുന്ന രഞ്ജിത്ത് ഷിബില ദമ്പതികളുടെ മകന്‍ ആദം ഗുവേരയുടെ ചോറൂണിനും ഷാജി ശില്‍പ ദമ്പതികളുടെ മകള്‍ ഐശ്വര്യയുടെ എഴുത്തിനിരുത്തിനുമാണ് മന്ത്രിയുടെ വീട് വേദിയായത്.
ജലീലിന്റെ സഹായിയാണ് രഞ്ജിത്ത്. മകള്‍ ജനിച്ചപ്പോള്‍ തന്നെ മന്ത്രി കെ ടി ജലീലിനെ കൊണ്ട് ചോറൂണ് നടത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് രഞ്ജിത്ത് ദ ക്യുവിനോട് പറഞ്ഞു. ആറുമാസം തികയാറായപ്പോള്‍ മന്ത്രി കെ ടി ജലീലിനെ ഇക്കാര്യം അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും മടങ്ങിയെത്തിയാല്‍ ചടങ്ങ് നടത്താമെന്ന് അറിയിച്ചു. പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മന്ത്രി ക്വാറന്റീനിലായതോടെ ചടങ്ങ് നീണ്ടു. ശനിയാഴ്ച്ച നടത്താമെന്ന് മന്ത്രി കഴിഞ്ഞ ആഴ്ച്ച വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു. ഇതിനിടെയാണ് ഇന്നലെ പ്രതിഷേധം തുടങ്ങിയത്. ചടങ്ങ് മാറ്റിവെയ്‌ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
മൂത്തസഹോദരനായാണ് കെ ടി ജലീലിനെ കാണുന്നതെന്ന് രഞ്ജിത്ത് പറയുന്നു. വിവാദങ്ങള്‍ നാളെ കെട്ടടങ്ങും.മന്ത്രിക്കെതിരെ പറയുന്നവര്‍ തന്നെ നാളെ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു.