കെ.എസ്.ആര്‍.ടി.സി രക്ഷാപാക്കേജില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയകരം.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്ത് തീര്‍ക്കുമെന്ന് തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്നും മുഖ്യമന്ത്രി യൂണിയന്‍ നേതൃത്വത്തിന് ഉറപ്പ് നല്‍കി.
കഴിഞ്ഞ മാസത്തെ 75 ശതമാനം ശമ്പളം നല്‍കാനായി 50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിലുള്ള ബാക്കി കുടിശ്ശിക അടക്കം നാളെ തീര്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒരു മാസത്തെ മുഴുവന്‍ ശമ്പളവും കൊടുത്ത് തീര്‍ക്കാന്‍ 78 കോടി രൂപയാണ് ആവശ്യം. ഭാഗികമായി ശമ്പള വിതരണം തുടങ്ങിയിരുന്നു. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനം വിതരണം ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.