യാത്രക്കാരിയുടെ ജീവന് കാവലായി സ്‌നേഹാദരങ്ങളും അഭിനന്ദനങ്ങളുമേറ്റുവാങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വി.ഡി ഗിരീഷ്,(43)വിആര്‍ കണ്ടക്ടര്‍ വിആര്‍ ബൈജു (42) എന്നിവരെ അവിനാശി ദുരന്തം കവര്‍ന്നു. വ്യാഴ്ചാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചാണ് ഇരുവരും മരണപ്പെട്ടത്. അപകടത്തില്‍ 20 പേര്‍ മരിച്ചിരുന്നു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍, ടയര്‍പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈജുവും ഗിരീഷും തല്‍ക്ഷണം തന്നെ മരണപ്പെട്ടു.
2018 ല്‍ ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ യുവതിക്ക് പൊടുന്നനെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ ആ ജീവന് കാവലായി നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ജീവനക്കാരാണ് ബൈജുവും ഗിരീഷും. ഒരു ജീവന്‍ രക്ഷിക്കാന്‍ എറണാകുളം ബംഗളൂരു വോള്‍വോ ബസ് തിരികെ ഓടിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. 3.6.2018 നായിരുന്നു സംഭവം. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാരിയായിരുന്നു ഡോക്ടര്‍ കവിത വാര്യര്‍. യാത്രാമധ്യേ യുവതിക്ക് അപസ്മാരബാധയുണ്ടായി. ശമിക്കാതായപ്പോള്‍ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ യാത്രക്കാരും ബസ് ജീവനക്കാരും തെല്ലും സംശയിച്ചില്ല.
ബസ് അപ്പോള്‍ ഹൊസൂറിലെത്തിയിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ ഹൈവേയില്‍ നിന്ന് വണ്ടി പിന്നോക്കം ഓടേണ്ടിയിരുന്നു. ഇതോടെ ഗിരീഷും ബൈജുവും ചേര്‍ന്ന് വാഹനം ജനനി ഹോസ്പിറ്റലിലേല്ക്ക് തിരിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ അടുത്ത കടമ്പ. അഡ്മിഷന് മുന്‍കൂര്‍ പണം കെട്ടിവെയ്ക്കണമെന്നായി അധികൃതര്‍. ഇതോടെ തൃശൂര്‍ ഡിപ്പോയിലെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞു. ഒരു ജീവന്റെ കാര്യമല്ലേ, ക്യാഷ് കെട്ടിവെയ്ക്ക് ബാക്കി പിന്നെ നോക്കാമെന്നായിരുന്നു ബെന്നിയെന്ന ഉദ്യോഗസ്ഥന്റെ മറുപടി.
പണം കെട്ടിവെച്ചപ്പോള്‍ അടുത്ത പ്രശ്‌നം. റിസ്‌ക് എടുക്കാനാകില്ലെന്നും ഒരാള്‍ ഒപ്പമുണ്ടെങ്കിലേ ചികിത്സയാരംഭിക്കൂവെന്നും ആശുപത്രി അധികൃതര്‍. യാത്രക്കാര്‍ ആരും തയ്യാറാകാതിരുന്നപ്പോള്‍ താന്‍ നില്‍ക്കാമെന്ന് ബൈജു ഉടന്‍ കയറി പറഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ അനുവാദത്തിനായി വിളിച്ചപ്പോള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബംഗളൂരുവില്‍ എത്താനാകുമെങ്കില്‍ മറ്റേയാള്‍ ആശുപത്രിയില്‍ നില്‍ക്കൂവെന്ന പച്ചക്കൊടി. അങ്ങനെ ബൈജു ആശുപത്രിയില്‍ നിന്നു. ഗീരിഷ് ബസ് ഓടിച്ച് ബംഗളൂരുവിലേക്കും പോയി.
തുടര്‍ന്ന് രാവിലെ 9 മണിയായപ്പോഴേക്കും കവിതയുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ആശുപത്രിയിലേക്ക് പോയി. ബൈജുവിനെ അവര്‍ ഹൊസൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഡ്രോപ്പ് ചെയ്തു. അവിടുന്ന് ബൈജു ബസ് പാര്‍ക്ക് ചെയ്യുന്ന പീനിയയിലേക്ക് ട്രെയിന്‍ കയറി. മാതൃകാപരമായ ഇവരുടെ അവസരോചിത ഇടപെടലിന് അന്ന് കെഎസ്ആര്‍ടിസി ഇരുവരെയും ആദരിച്ചിരുന്നു. വിവിധ സംഘടനകളുടെ അംഗീകാരങ്ങളും ഏറ്റുവാങ്ങിയിരുന്നു. ബൈജു,ഗിരീഷ് എന്നിവരുടെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ഇരുവരും അന്ന് ഒരു ജീവന് കാവലാളുകളായത് വിങ്ങലോടെ ഓര്‍ക്കുന്നു.