കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ ഗുരുതരമായ പിഴവുകളെന്ന് വിജിലന്‍സ്. ബസ് സ്റ്റാന്‍ഡിന്റ് സ്ട്രക്ചറല്‍ ഡിസൈന്‍ പാളിയെന്നും രണ്ട് നിലകള്‍ക്ക് ബലക്കുറവും ചോര്‍ച്ചയുമുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.
ഡിസൈനറെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഈ മാസം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.
അതേസമയം കെട്ടിടം ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ.ടി.ഡി.എഫ്.സി ഉറപ്പ് നല്‍കിയതായാണ് കെട്ടിടത്തിന്റെ ചുമതലയുള്ള അലിഫ് ബില്‍ഡേഴ്‌സ് പറയുന്നത്. താന്‍ കെട്ടിടം ഏറ്റെടുക്കുമ്പോള്‍ ബലക്ഷയത്തെക്കുറിച്ചോ ഐഐടി പഠനത്തെക്കുറിച്ചോ അറിഞ്ഞിരുന്നില്ലെന്നും അലിഫ് ബില്‍ഡേഴ്‌സ് എം.ഡി മൊയ്തീന്‍ കോയ പറഞ്ഞു.
മദ്രാസ് ഐഐടിയാണ് കെട്ടിടത്തിന്റെ പഠനം നടത്തിയത്. ഭൂനിരപ്പിനും അടിയിലുള്ള രണ്ടു നിലകളിലെ ഒന്‍പത് തൂണുകള്‍ക്കും ഗുരുതരമായ വിള്ളലുകളും മറ്റു നൂറോളം തൂണുകള്‍ക്കും ചെറിയ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്.
കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ട് ഐഐടിയെ പഠനത്തിന് ചുമതലപ്പെടുത്തിയത്. ഐഐടി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പഠന വിധേയമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിട്ടുണ്ട്.