മുഖ്യമന്ത്രിക്കെതിരായ വധ ശ്രമക്കേസിൽ മുൻ എം.എൽ.എ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ.
അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയെന്ന കാര്യത്തിൽ പൊലീസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവിൽ ശംഖുമുഖം അസിസ്റ്റൻഡ് കമ്മീഷണറുടെ ഓഫീസിലാണ് ശബരിനാഥുള്ളത്.
വിഷയത്തിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ ശബരിനാഥിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ കെ.എസ് ശബരിനാഥൻ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ കഴിഞ്ഞാൽ നന്നാകും എന്ന് പറയുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിനാഥനെ നേരിട്ട് വിളിച്ച് ചോദ്യം ചെയ്യുന്നത്.
ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് ടിക്കറ്റ് എടുത്ത് നൽകിയവരെ കേന്ദ്രീകരിച്ച് കണ്ണൂരും അന്വേഷണം നടക്കുന്നുണ്ട്.