Around us

'വിനു ഇല്ലാതാക്കിയത് ഏഷ്യാനെറ്റിന്റെയും വിനുവിന്റെയും വിശ്വാസ്യത,വിശ്വാസ്യതയില്ലെങ്കില്‍ പിന്നെ വാര്‍ത്തയുണ്ടോ'; കെ.ആര്‍.മീര

ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ ഇല്ലാതാക്കിയത് ചാനലിന്റെയും വിനുവിന്റെയും വിശ്വാസ്യതയെന്ന് എഴുത്തുകാരി കെ.ആര്‍.മീര. യാസിര്‍ എടപ്പാളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ഒരു വരി ഡോ.വി.പി.പി.മുസ്തഫ വായിച്ചതിന് മാപ്പ് പറഞ്ഞ വിനു, തന്നെ അപകീര്‍ത്തിപ്പെടുത്തി ചാനല്‍ വ്യാജവാര്‍ത്ത നല്‍കിയതില്‍ പരസ്യമായല്ലെങ്കിലും, ഒരു ഫോണ്‍കോളിലൂടെയെങ്കിലും മാപ്പു പറയാനുള്ള ഉത്തരവാദിത്തം കാണിക്കാത്തതെന്താണെന്നും കെ.ആര്‍.മീര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

'ഞാന്‍ പത്രപ്രവര്‍ത്തക ആയിരുന്ന കാലം മുതല്‍ മുടങ്ങാതെ ശ്രദ്ധിച്ചിരുന്ന ഒരു ചാനല്‍ ആയിരുന്നു ഏഷ്യാനെറ്റും പില്‍ക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസും. ശ്രീ ശശികുമാര്‍, സക്കറിയ, സി.എല്‍.തോമസ്, ടി.എന്‍. ഗോപകുമാര്‍ എന്നിവരുടെയൊക്കെ സാന്നിധ്യം കൊണ്ട്, ആ ചാനലിനോട് അവര്‍ ചാനല്‍ വിട്ടു പോയതിനുശേഷവും പ്രത്യേകമായൊരു മമത ഉണ്ടായിരുന്നു. പക്ഷേ, കുറച്ചു കാലമായി ഞാന്‍ ഏഷ്യാനെറ്റ് ന്യൂസ് കാണാറില്ല. പ്രത്യേകിച്ചും വിനുവിന്റെ ന്യൂസ് അവര്‍', കെ.ആര്‍.മീര കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീ വിനു വി ജോണ്‍,

ഏഷ്യാനെറ്റിന്റെ ഇന്നത്തെ ന്യൂസ് അവറില്‍ എന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ കുറിച്ചു വിനു പരാമര്‍ശിച്ചതായി അറിഞ്ഞു. ഞാന്‍ ചര്‍ച്ച കണ്ടിരുന്നില്ല. ഒരു കൂട്ടുകാരിയാണു പറഞ്ഞത്. അതുകൊണ്ടു യൂ ട്യൂബില്‍ ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗം കണ്ടു.

സുനിത ദേവദാസിനെ കുറിച്ച്, കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലം എഴുതിയ യാസിര്‍ എടപ്പാളിനെ ന്യൂസ് അവറില്‍ 'വിളിച്ചിരുത്തി' എന്ന് ഇന്നലെ എന്റെ ഫെയ്‌സ് ബുക് പോസ്റ്റില്‍ എഴുതിയതു വസ്തുതാപരമായി തെറ്റാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്‌നെസ് അത്യാവശ്യമാണെന്ന പാഠം പഴയ മാധ്യമപ്രവര്‍ത്തകയായ ഞാന്‍ മറന്നതു ശരിയായില്ലെന്നും പറഞ്ഞതു കേട്ടു.

എല്ലാ സ്‌നേഹത്തോടെയും പറയട്ടെ, ഞാന്‍ പത്രപ്രവര്‍ത്തക ആയിരുന്ന കാലം മുതല്‍ മുടങ്ങാതെ ശ്രദ്ധിച്ചിരുന്ന ഒരു ചാനല്‍ ആയിരുന്നു ഏഷ്യാനെറ്റും പില്‍ക്കാലത്ത് ഏഷ്യാനെറ്റ് ന്യൂസും. ശ്രീ ശശികുമാര്‍, സക്കറിയ, സി.എല്‍.തോമസ്, ടി.എന്‍. ഗോപകുമാര്‍ എന്നിവരുടെയൊക്കെ സാന്നിധ്യം കൊണ്ട്, ആ ചാനലിനോട് അവര്‍ ചാനല്‍ വിട്ടു പോയതിനുശേഷവും പ്രത്യേകമായൊരു മമത ഉണ്ടായിരുന്നു.

പക്ഷേ, കുറച്ചു കാലമായി ഞാന്‍ ഏഷ്യാനെറ്റ് ന്യൂസ് കാണാറില്ല. പ്രത്യേകിച്ചും വിനുവിന്റെ ന്യൂസ് അവര്‍. എഴുത്തുകാരിയെന്ന നിലയില്‍ വിനു എന്നെ ഇഷ്ടപ്പെടുന്നതായി പറഞ്ഞെങ്കിലും, വിനുവിന്റെ ന്യൂസ് അവര്‍ എനിക്ക് ഇഷ്ടമല്ല എന്നു വിഷമത്തോടെ പറയട്ടെ. അതു പറയുന്നതു കൊണ്ട് ഇനിമേല്‍ എഴുത്തുകാരിയെന്ന നിലയില്‍ എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും സാരമില്ല. കാരണം, ഞാന്‍ പഠിച്ചിട്ടുള്ള ജേണലിസം അനുസരിച്ച്, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും പക്ഷപാതവും പ്രകടിപ്പിക്കാനുള്ള വേദിയല്ല, പത്രവും ചാനലും. ആ പരമമായ നിയമം വിനു നിരന്തരം ലംഘിക്കുന്നു. അതു വഴി വിനു ഇല്ലാതാക്കിയത് ചാനലിന്റെയും വിനുവിന്റെയും വിശ്വാസ്യതയാണ്. വിശ്വാസ്യതയില്ലെങ്കില്‍ പിന്നെ വാര്‍ത്തയുണ്ടോ?

ഇന്നലെ സുനിത ദേവദാസിന്റെ വിഡിയോ കണ്ടതിനെത്തുടര്‍ന്നായിരുന്നു എന്റെ ആ ഫെയ്‌സ് ബുക്ക് പോസ്റ്റ് . തൃത്താല എം.എല്‍.എ. കുറച്ചു കാലം മുമ്പ് എനിക്കു നേരെ അസഭ്യവര്‍ഷം നടത്താന്‍ ആഹ്വാനം ചെയ്തപ്പോള്‍ എന്നെ അനുകൂലിച്ചു സുനിത അന്ന് എഴുതിയ പോസ്റ്റിനു താഴെയാണു യാസിര്‍ എടപ്പാള്‍ ആ അശ്ലീല കമന്റ് എഴുതിയത്.

ഏതായാലും, മാധ്യമപ്രവര്‍ത്തകര്‍ക്കു ഫാക്ച്വല്‍ കറക്ട്‌നെസ് എത്ര പ്രധാനമാണ് എന്ന് ഓര്‍മ്മിപ്പിച്ച സ്ഥിതിക്ക് ഏഷ്യാനെറ്റ് ന്യൂസില്‍നിന്ന് രണ്ടു മാസം മുമ്പുണ്ടായ ഒരു അനുഭവം ഞാനും പങ്കു വയ്ക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു- വിനുവിന് ഓര്‍മ്മയുണ്ടോ എന്ന് അറിയില്ല- മന്ത്രി കെ.ടി. ജലീലിനെ അടിക്കാന്‍ യാസിര്‍ എടപ്പാളിനെ കൊണ്ടുവന്നതു പോലെ, ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാന്‍ എനിക്ക് എതിരെ ഒരു വ്യാജ വാര്‍ത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു. ''ചട്ടങ്ങള്‍ മറികടന്ന് കെ. ആര്‍ മീരയ്ക്ക് എം.ജി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിയമനം'' എന്നു ഫ്‌ലാഷ് ന്യൂസും ബ്രേക്കിങ് ന്യൂസും ഒക്കെ ഉണ്ടായിരുന്നു.

അതിന്റെ ഫാക്ച്വല്‍ കറക്ട്‌നെസിനെ കുറിച്ച് എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്. 'നിയമനം' എന്ന വാക്ക് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ? 'ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത ഒരു ബോര്‍ഡിലേക്കുള്ള നാമനിര്‍ദ്ദേശത്തെ' ഏഷ്യാനെറ്റ് ന്യൂസ് 'നിയമനം' എന്നു വിളിച്ചതു ഫാക്ച്വലി കറക്ട് ആയിരുന്നോ? ആ നാമനിര്‍ദ്ദേശം 'ചട്ടങ്ങള്‍ മറികടന്നാണ്' എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതു ഫാക്ച്വലി കറക്ട് ആയിരുന്നോ? ? നിങ്ങള്‍ അന്നു മുഴുവന്‍ സ്‌ക്രീനില്‍ എഴുതിക്കാണിച്ചതുപോലെ 'വിദഗ്ധസമിതി നല്‍കിയ പേരുകള്‍ വെട്ടിയിട്ട്' എന്റെ പേരു തിരുകിക്കയറ്റി എന്ന ആരോപണം ഫാക്ച്വലി കറക്ട് ആയിരുന്നോ? 'വിദഗ്ധ സമിതി ഉണ്ടായിരുന്നു' എന്ന ധ്വനി ഫാക്ച്വലി കറക്ട് ആയിരുന്നോ? അന്ന് അര്‍ദ്ധരാത്രി വരെ ഏഷ്യാനെറ്റ് ന്യൂസ് ആ വാര്‍ത്ത തുടര്‍ച്ചയായി കാണിച്ചു കൊണ്ടിരുന്നതു വിലകുറഞ്ഞ രാഷ്ട്രീയ പക പോക്കലും എന്നെ അപകീര്‍ത്തിപ്പെടുത്തലും ലക്ഷ്യമിട്ടായിരുന്നില്ലേ? അല്ലായിരുന്നെങ്കില്‍, അതു 'നിയമനം' അല്ലെന്നും ചട്ടങ്ങള്‍ അനുസരിച്ചുള്ള നാമനിര്‍ദ്ദേശമാണെന്നും വൈസ് ചാന്‍സലര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതു പിറ്റേന്ന് ആദ്യത്തെ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു ഫാക്ച്വല്‍ കറക്ട്‌നെസിനോടുള്ള ചാനലിന്റെയും വിനുവിന്റെയും പ്രതിബദ്ധത വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ?

യാസിര്‍ എടപ്പാളിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ ഒരു വരി വി.പി.പി. മുസ്തഫ വായിച്ചതിന് പിറ്റേന്നു വിനു വിശദമായി മാപ്പു പറഞ്ഞല്ലോ. എന്നെ അപകീര്‍ത്തിപ്പെടുത്തിയതിനു പരസ്യമായല്ലെങ്കിലും ഒരു ഫോണ്‍ കോളിലൂടെയെങ്കിലും എന്നോടു മാപ്പു പറയാനുള്ള അക്കൗണ്ടബിലിറ്റിയോ റെസ്‌പോണ്‍സിബിലിറ്റിയോ ഇന്റഗ്രിറ്റിയോ നിങ്ങളോ നിങ്ങളുടെ മേധാവി എം.ജി. രാധാകൃഷ്ണനോ കാണിച്ചോ?

പിന്നെ എന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ ഫാക്ച്വല്‍ കറക്ട്‌നെസിനെ കുറിച്ച്- അതിലെന്താണു കറക്ട് അല്ലാത്തത്? 'സാന്നിധ്യം' എന്ന വാക്കോ? ആ ചര്‍ച്ച തന്നെ യാസിര്‍ എടപ്പാള്‍ നേരിടുന്ന അനീതിയെ കുറിച്ച് ആയിരുന്നില്ലേ? ആ ചര്‍ച്ചയില്‍ ഉടനീളം യാസിര്‍ എടപ്പാളിന്റെ സാന്നിധ്യം വിഷ്വലുകളായും അയാളെ വെള്ള പൂശുന്ന ഡോക്യുമെന്റുകളുടെ ഭാഗങ്ങളായും പ്രദര്‍ശിപ്പിക്കുകയായിരുന്നില്ലേ? യാസിര്‍ എടപ്പാള്‍ മറ്റു ചാനലുകളില്‍ ആയിരുന്നതു കൊണ്ട്, യാസിറിനു വേണ്ടി സംസാരിക്കാന്‍ അയാളുടെ പിതാവിനെയും മറ്റു രണ്ടു പേരെയും ക്ഷണിച്ചു കൊണ്ടുവന്നിരുന്നില്ലേ? യാസിര്‍ എടപ്പാളിനു വേണ്ടിയായിരുന്നില്ലേ വിനുവും വാദിച്ചു കൊണ്ടിരുന്നത്? യാസിര്‍ എടപ്പാള്‍ നിരന്തരം എഴുതി പ്രചരിപ്പിക്കുന്ന അശ്ലീല പോസ്റ്റുകളെ കുറിച്ചും അവയിലെ പദപ്രയോഗങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും അറിയാതെയാണോ വിനു ആ ചര്‍ച്ച നടത്തിയത്? ഒരാള്‍ക്കു വേണ്ടി ചര്‍ച്ച നടത്തുമ്പോള്‍ അയാളെ കുറിച്ചു മിനിമം ധാരണ പോലുമില്ലെങ്കില്‍, അതെന്തു തരം ജേണലിസമാണ്?

എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിനു ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍, ചുവടെ വായിക്കാം.

''മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ എന്നു സ്വയം അവകാശപ്പെടുന്ന യാസിര്‍ എടപ്പാള്‍ ആണു രണ്ടു ദിവസമായി വാര്‍ത്തകളില്‍.

ഒരു 'ചെറിയ' ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീലിന്റെ പീഡനം ഏറ്റുവാങ്ങുന്ന ഒരുവനായി പ്രമുഖ പത്രങ്ങളെല്ലാം ഒന്നാം പേജിലും പ്രമുഖ ചാനലുകളെല്ലാം പ്രൈം ടൈം ചര്‍ച്ചകളിലും യാസിര്‍ എടപ്പാളിനെ അവതരിപ്പിക്കുകയുണ്ടായി.

ഗവണ്‍മെന്റിനെ ആക്രമിക്കാന്‍ കിട്ടിയ അവസരമായതിനാല്‍ യാസിര്‍ എടപ്പാളിനെ പത്രങ്ങളും ചാനലുകളും കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കെ ഏറ്റെടുത്തു. അവരെ പ്രതിരോധിക്കാന്‍ സി.പി.എം. പ്രതിനിധികള്‍ ഉപയോഗിച്ചത് യാസിര്‍ എടപ്പാളിന്റെ ഫെയ്‌സ് ബുക് പോസ്റ്റുകളും കമന്റുകളും വിഡിയോകളും ആണ്. കേട്ടാലറയ്ക്കുന്ന അശ്ലീലമായിരുന്നു എല്ലാം. സ്വതന്ത്ര പത്രപ്രവര്‍ത്തകയായ സുനിത ദേവദാസിന് എതിരേയുള്ള അറപ്പ് ഉളവാക്കുന്ന ഫെയ്‌സ് ബുക് കമന്റുകള്‍ മിക്ക ചാനലുകളിലും അവര്‍ ഉപയോഗിച്ചു.

ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം. പ്രതിനിധി അതില്‍ ഒരു വരിയേ വായിച്ചുള്ളൂ. പക്ഷേ, വാര്‍ത്താവതാരകന് അത് ആഘാതമായി. അശ്ലീലം നിറഞ്ഞ കമന്റുകള്‍ വായിക്കാന്‍ തയ്യാറായ സി.പി.എം. പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിര്‍ എടപ്പാളിന്റെ സാന്നിധ്യത്തേക്കാള്‍ അവതാരകനെ അലട്ടിയത്. അതുകൊണ്ട്, അദ്ദേഹം പിറ്റേന്ന് അതു സംബന്ധിച്ചു പ്രേക്ഷകരോടു മാപ്പു ചോദിച്ചു. ഈ മാപ്പപേക്ഷയുടെ കാപട്യം വെളിപ്പെടുത്തുന്ന ഒരു വിഡിയോ സുനിത ദേവദാസ് പോസ്റ്റ് ചെയ്തു. വളരെ പ്രസക്തമായ ചോദ്യങ്ങളാണു സുനിത ഈ വിഡിയോയില്‍ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനോടു ചോദിച്ചത്.

''ഏതോ ഒരു സ്ത്രീയെ ആരോ എഴുതിയ തെറിയൊന്നു വായിച്ചു കേട്ടപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിത്തെറിച്ചത്രേ. വേദനിച്ചത്രേ. അമ്പരന്നു പോയത്രേ. സംസ്‌കാരം തകര്‍ന്നടിഞ്ഞു പോയത്രേ. കേരളത്തില്‍ ഇതു കേട്ട കുട്ടികള്‍ മുഴുവന്‍ വഴിതെറ്റിപ്പോയത്രേ. കുടുംബങ്ങളുടെ പവിത്രത ഇതു കേട്ടു നഷ്ടപ്പെട്ടത്രേ. നിങ്ങളോര്‍ത്തു നോക്കൂ. ആരോ ആരെയോ വിളിച്ച തെറി കേട്ടിട്ടാണ് നിങ്ങള്‍ക്ക് ഇത്രയും വികാരങ്ങള്‍ ഒന്നിച്ചു വന്നത്, അല്ലേ? അപ്പോള്‍ ആ തെറി കേട്ട സ്ത്രീയുടെ വേദന എത്ര വലുതായിരിക്കും? ആ ട്രോമ എത്ര വലുതായിരിക്കും? എന്നിട്ടും നിങ്ങളും ഏഷ്യാനെറ്റും ആ തെറി വിളിയുടെ ഒപ്പമാണു നിന്നത്. ആ ആഭാസനു വേണ്ടിയാണു നിങ്ങള്‍ മാപ്പു പറഞ്ഞതും അയാളെ സംരക്ഷിക്കാന്‍ നോക്കിയതും. കേരളത്തില്‍ സൈബര്‍ ആക്രമണത്തിനു നിരന്തരം വിധേയരായിക്കൊണ്ടിരിക്കുന്ന എത്രയോ സ്ത്രീകള്‍ ഇതൊക്കെ സ്വയം അനുഭവിച്ച്, സഹിച്ച് മിണ്ടാതിരിക്കണമെന്നാണോ നിങ്ങള്‍ ഇതിലൂടെ തരുന്ന സന്ദേശം? എന്നിട്ടു വേട്ടക്കാര്‍ മുഴുവന്‍ പകല്‍ മാന്യന്‍മാരായി വിലസണം അല്ലേ? അവര്‍ക്കു ചാനലുകളില്‍ ഇരിപ്പിടം, മികച്ച പേര്, പ്രശസ്തി... യാസിര്‍ എടപ്പാള്‍ പച്ചത്തെറി വിളിച്ച സ്ത്രീ ഞാനാണ്.''

ഈ സംഭവത്തില്‍ ശ്രദ്ധേയമായ ചില സംഗതികളുണ്ട് :

തെറി വിളിച്ചതു യാസിര്‍ എടപ്പാള്‍.

തെറി കേട്ടതു സുനിത.

പക്ഷേ, ചാനലിനെ വേദനിപ്പിച്ചതു യാസിര്‍ എടപ്പാള്‍ അല്ല.

അവതാരകന്‍ പ്രേക്ഷകരോടു ക്ഷമ ചോദിച്ചതു യാസിര്‍ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ല.

തെറി എഴുതിയതിന് യാസിര്‍ എടപ്പാളോ യാസിര്‍ എടപ്പാളിനെ ഗവണ്‍മെന്റ് പീഡിപ്പിക്കുന്നു എന്നു പരാതിപ്പെടുന്ന ബന്ധുമിത്രാദികളോ യാസിര്‍ എടപ്പാളിനു വേണ്ടി വാദിക്കാന്‍ ചാനലിലെത്തിയ ആരെങ്കിലുമോ യാസിര്‍ എടപ്പാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാക്കളോ ഇതുവരെ സുനിതയോടു മാപ്പു പറഞ്ഞിട്ടില്ല.8

അതിനു സാധ്യതയും ഇല്ല.

കാരണം, ഒരു സ്ത്രീയെ- അതും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടു വച്ചു പുലര്‍ത്തുന്ന ഒരുവളെ- തെറി വിളിക്കുന്നതിനെ അതിക്രമമായി അംഗീകരിക്കാനോ യാസിര്‍ എടപ്പാളിനെ തിരുത്താനോ ഈ നാട്ടില്‍ ആരെങ്കിലും തയ്യാറാകുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്.

ഇനി ഈ സംഭവവും ഞാനുമായി എന്താണു ബന്ധം?

- സുനിതയ്ക്ക് അശ്ലീലം കേള്‍ക്കേണ്ടി വന്നത് എന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് ഇട്ടതു കൊണ്ടാണ്. ഇന്നലെ സുനിതയുടെ മറ്റൊരു വിഡിയോയിലൂടെയാണ് ഈ വിവരം ഞാന്‍ അറിഞ്ഞതെങ്കിലും.

എനിക്കു നേരെ സൈബര്‍ അബ്യൂസ് അഴിച്ചു വിടാന്‍ തൃത്താല എം.എല്‍.എ. അണികളോട് ആഹ്വാനം ചെയ്തപ്പോള്‍ സുനിത എന്നെ അനുകൂലിച്ച് ഒരു പോസ്റ്റ് എഴുതുകയുണ്ടായി.

ആ പോസ്റ്റിനു താഴെയാണ് യാസിര്‍ എടപ്പാള്‍ സുനിതയെ കുറിച്ച് അറപ്പ് ഉളവാക്കുന്ന അശ്ലീലം എഴുതിയത്. 'അക്ഷരം തെറ്റരുത്' എന്ന് എം.എല്‍.എ. അണികളോട് ആഹ്വാനം ചെയ്തത് അതേപടി യാസിര്‍ എടപ്പാളിന്റെ കമന്റില്‍ വായിക്കാം.

അതായത്, സുനിതയോട് മാപ്പു ചോദിക്കേണ്ടതു യാസിര്‍ എടപ്പാള്‍ മാത്രമല്ല, തൃത്താല എം.എല്‍.എ. കൂടിയാണ്.

പക്ഷേ ക്ഷമാപണം പ്രതീക്ഷിക്കുന്നതു വിഡ്ഢിത്തമാണ്.

അതുകൊണ്ട്, സുനിതയോടു ഞാന്‍ ക്ഷമ ചോദിക്കുന്നു.

കൂടുതല്‍ കരുത്തും കൂടുതല്‍ സന്തോഷവും നേരുന്നു.''

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT