Around us

'വനിതാ ജീവനക്കാരെ അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ല'; അടൂര്‍ പറഞ്ഞത് അവാസ്തവമെന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന ശുചീകരണ ജീവനക്കാരെ അധിക്ഷേപിക്കുകയും വിദ്യാര്‍ത്ഥി സമരത്തെ തള്ളിപ്പറയുകയും ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിദ്യാര്‍ത്ഥികള്‍. വനിതാ ജീവനക്കാരെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിവൃത്തികേട് കൊണ്ടാണ് അവര്‍ ഡയറക്ടറുടെ വീട്ടില്‍ ക്ലോസറ്റ് വൃത്തിയാക്കാന്‍ പോയത്. പിരിച്ച്‌വിടുമെന്ന് അവര്‍ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ മിണ്ടാതിരുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കെതിരെ അദ്ദേഹം പറഞ്ഞത് മോശം കാര്യങ്ങളാണെന്ന് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി ശ്രീദേവ് ദ ക്യുവിനോട് പറഞ്ഞു.

'സിനിമ പഠിക്കാന്‍ വന്നവര്‍ സിനിമ പഠിച്ച് പോകണമെന്നാണ് അദ്ദേഹം പറയുന്നത്. അത് ശരി തന്നെയാണ്. പക്ഷെ പഠിക്കാനുള്ള സാഹചര്യം വേണമല്ലോ. സാങ്കേതികമായ പോരായ്മകളും സാമൂഹിക അസമത്വവും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ട്. 2-3 വര്‍ഷം കൊണ്ട് 30 വര്‍ഷങ്ങളുടെ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന അദ്ദേഹത്തിന്റെ അവകാശവാദം അവാസ്തവമാണ്.' ശ്രീദേവ് പറഞ്ഞു.

'നാലഞ്ച് പെണ്ണുങ്ങളുണ്ട് ഇവിടെ ജീവനക്കാരായിട്ട്. അവര്‍ ഉടുത്തൊരുങ്ങി വന്നാണ് പരാതി പറയുന്നത്. കണ്ടാല്‍ ഡബ്ല്യുസിസിക്കാരെ പോലെയാണ്. സിനിമാതാരങ്ങളുടെ സ്‌റ്റൈലില്‍ ആണ് പരാതി പറയുന്നത്' എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.

ക്ളീനിംഗ് സ്റ്റാഫിനോട് കൈ കൊണ്ട് ടോയ്‌ലെറ്റ് ക്ളീന്‍ ചെയ്യാന്‍ ഇന്‍സ്റ്ററ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ആവശ്യപ്പെട്ടെന്ന ആരോപണവും അടൂര്‍ തള്ളിയിരുന്നു. വീട്ടുജോലിയൊന്നും ചെയ്യിക്കുന്നില്ലെന്നും പക്ഷെ വൃത്തിയാക്കിക്കാറുണ്ടെന്നും പറഞ്ഞു. 'അവിടെ ജോലിക്ക് വന്ന ഒരു കുട്ടിയെ ശങ്കര്‍ മോഹന്റെ ഭാര്യ മോളെ എന്നാണു വിളിക്കാറ്. അത്രക്ക് സ്‌നേഹം കൊടുത്തിട്ടുണ്ട്. എന്നിട്ട് ആ കുട്ടിയാണ് ആദ്യം ഇവര്‍ക്കെതിരെ മോശമായി പറഞ്ഞത്' അടൂര്‍ പറഞ്ഞു. ന്യൂസ് 18 കേരളയോടാണ് അടൂരിന്റെ പ്രതികരണം.

ജാതിവിവേചനത്തിനും സംവരണ അട്ടിമറിക്കും എതിരെ ഒരു മാസത്തോളമായി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ കള്ളം പറയുകയാണെന്നും അടൂര്‍ ആരോപിക്കുന്നു. 'വിവാദമല്ല, അപവാദമാണ് നടക്കുന്നത്. പഠിക്കാന്‍ വന്ന കുട്ടികള്‍ പഠിച്ചിട്ട് പോണം. സമരം ചെയ്യാന്‍ ഇറങ്ങുകയല്ല വേണ്ടത്. പഠിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ പിരിഞ്ഞ് പോകണം. ജാതി വിവേചനം നടന്നിട്ടില്ല. സംവരണം അട്ടിമറിക്കപ്പെട്ടിട്ടുമില്ല. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ യഥാര്‍ത്ഥത്തില്‍ സംവരണത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്.' അടൂര്‍ പറഞ്ഞു.

സിനിമ മേഖലയില്‍ നിന്ന് വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് രംഗത്ത് വന്നവര്‍ക്കെതിരെയും അടൂര്‍ ആക്ഷേപമുന്നയിച്ചിരുന്നു. ഐഎഫ്എഫ്കെയില്‍ പ്രതിഷേധിച്ചവര്‍ വൈകാരിക ജീവികള്‍ ആണെന്നും തന്നോട് കാര്യം ചോദിച്ചു മനസിലാക്കാതെ സമരമെന്ന് കേട്ടതും ചാടിക്കേറി പുറപ്പെട്ടെന്നും അടൂര്‍ കുറ്റപ്പെടുത്തി. കമല്‍, ജിയോ ബേബി, മഹേഷ് നാരായണന്‍ തുടങ്ങി നിരവധി സിനിമാപ്രവര്‍ത്തകര്‍ സമരത്തെ അനുകൂലിച്ച് എത്തിയിരുന്നു. 'ജിയോ ബേബി എന്നെ ഉപയോഗപ്പെടുത്തിയ ആളാണ്. സിനിമ അയച്ചുതന്ന് അഭിപ്രായം ചോദിച്ച ആളാണ്. അയാള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളാണ്. ചാനലിലേക്ക് അയാളെ പരിചയപ്പെടുത്തിയ ആളാണെന്നും അടൂര്‍.

അതേ സമയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരായ വിദ്യാര്‍ഥി സമരത്തെ അധിക്ഷേപിച്ച ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ജിയോ ബേബി രംഗത്ത് വന്നു. വിദ്യാര്‍ഥികളുന്നയിക്കുന്ന ആരോപണങ്ങളുടെ സത്യസന്ധതയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങളില്‍ നിന്ന് തെളിയിക്കപ്പെടുന്നത്. സ്ത്രീകള്‍ ഉടുത്തൊരുങ്ങുന്നതിലും, ഡബ്ലുസിസിയിലുമെല്ലാം എന്തെല്ലാമോ കുഴപ്പമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത്തരം ചിന്താഗതി വച്ചുപുലര്‍ത്തുന്ന അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിന്ന് എത്രയും വേഗം നീക്കാനുള്ള ആര്‍ജവം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ജിയോ ബേബി ക്യുവിനോട് പ്രതികരിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT