കോണ്‍ഗ്രസ് വിട്ട പി.എസ് പ്രശാന്തിന് പിന്നാലെ കെ.പി അനില്‍കുമാറും സി.പി.ഐ.എമ്മിലേക്ക്. എ.കെ.ജി സെന്ററിലെത്തിയെ കെ.പി അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പദവി സി.പി.ഐ.എം പിന്നീട് തീരുമാനിക്കും. ഒരു ഉപാധികളുമില്ലാതെയാണ് പാര്‍ട്ടിയിലേക്ക് പോകുന്നതെന്ന് കെ.പി അനില് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നീതി നിഷേധമാണ് നടക്കുന്നത് എന്ന് അറിയിച്ചുകൊണ്ടായിരുന്നു അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു പ്രഖ്യാപനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍ കുമാര്‍.
'പാര്‍ട്ടിക്കകത്ത് നീതി നിഷേധിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ട്, എന്റെ രക്തത്തിന് വേണ്ടി, എന്റെ തലയറുക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ആളുകളാണ് എന്നുള്ളതുകൊണ്ട്, പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട്, 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷനും രാജി ഇമെയില്‍ വഴി അയച്ചുകൊടുത്തു,' അനില്‍കുമാര്‍ പറഞ്ഞു.
അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ കെ.പി അനില്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതേസമയം വാര്‍ത്താസമ്മേളനം നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെ.പി അനില്‍ കുമാറിനോട് പറഞ്ഞു. ഫോണിലൂടെയായിരുന്നു ആവശ്യപ്പെട്ടത്.
പുതിയ കെ.പി.സി.സി നേതൃത്വം പ്രതീക്ഷയോടെയാണ് വന്നത്. പക്ഷെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ കോണ്‍ഗ്രസിനാവുന്നില്ല. ബിജെപി സര്‍ക്കാരിനെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. മോദിക്കെതിരെ ഒരു സമരം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണ്. നീതി നിഷേധത്തനെതിരെ പ്രതികരിച്ചു. ആ പ്രതികരിച്ചതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായും കെ.പി അനില് കുമാര്‍ പറഞ്ഞു.
അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു. 2002 മുതല്‍ 2007 വരെ. നിശ്ചലമായി നിന്നിരുന്ന യൂത്ത് കോണ്‍ഗ്രസിനെ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ടീം കഷ്ടപ്പെട്ടാണ് ഒരാള്‍ക്കും പരാതയില്ലാതെ അനര്‍ഹരായ ആരെയും വെക്കാതെ, പുനസംഘടന പൂര്‍ത്തീകരിക്കാനും, ഗ്രൂപ്പില്ലാതെ നയിക്കാന്‍ സാധിച്ചുവെന്നും കെ.പി അനില്‍കുമാര്‍ പറഞ്ഞു.
അഞ്ച് വര്‍ഷം ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ച് കൊണ്ടുനടന്ന തനിക്ക് അഞ്ച് വര്‍ഷക്കാലം പാര്‍ട്ടിയുടെ ഏഴയലത്ത് പോലും ഒരു സ്ഥാനവും തന്നില്ല. അങ്ങനെയാണ് ഈ പാര്‍ട്ടി തന്നെ ആദരിച്ചത്.
കെ.പി.സി.സിയുടെ നിര്‍വാഹക സമിതിയില്‍ പോലും തന്നെ ഉള്‍പ്പെടുത്തിയില്ല. ഒരു യോഗത്തിനുപോലും വിളിച്ചിട്ടില്ല. ആരോടും ഒരു പരാതിയും ഉന്നയിച്ചിട്ടുമില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പാര്‍ട്ടിയിലെ യുവജനങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ സാധിച്ചു. 2016ല്‍ കൊയിലാണ്ടിയില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചുവെന്നും അനില്‍ കുമാര്‍ പറഞ്ഞു.
അതേസമയം അനില്‍കുമാര്‍ തന്ന വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നു എന്നാണ്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചത്.