ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായ കൊടി സുനി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതായി ഖത്തറിലെ വ്യാപാരി. ജയിലില്‍ നിന്ന് കൊടി സുനി ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയുമായി സ്വര്‍ണ്ണ വ്യാപാരി മജീദ് കൊഴിശേരിയാണ് രംഗത്ത് വന്നത്. കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ് മജീദ് കൊഴിശേരി. കൊടിസുനി തന്നെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം മജീദ് കൊഴശ്ശേരി റെക്കോര്‍ഡ് ചെയ്തിരുന്നു. ന്യൂസ് 18 കേരളം ഈ സംഭാഷണം പുറത്തുവിട്ടു.
രേഖയില്ലാതെ സ്വര്‍ണം വാങ്ങണമെന്ന് ആവശ്യപ്പെട്ടാണ് കൊടിസുനിയുടെ ഭീഷണി. മജീദ് കൊഴശേരിയെ രാത്രി 10.30ക്ക് വിളിച്ചാണ് രേഖയില്ലാതെ സ്വര്‍ണം വാങ്ങണമെന്നും പറഞ്ഞത് പോലെ ചെയ്തില്ലെങ്കില്‍ നാട്ടിലെ കുടുംബത്തെ ആക്രമിക്കുമെന്നും ടിപി വധക്കേസ് പ്രതി കൊടി സുനി ഭീഷണിപ്പെടുത്തുന്നു. വീട് തകര്‍ക്കുമെന്നും അസഭ്യ പ്രയോഗത്തിലൂടെ കൊടി സുനി ഭീഷണിപ്പെടുത്തുന്നുണ്ട്.
സെന്‍ട്രല്‍ ജയിലില്‍ തടവിലായ പ്രതി ജയിലറയ്ക്കുള്ളില്‍ സര്‍വ്വ സന്നാഹത്തോടെ ക്വട്ടേഷന്‍ തുടരുന്നതിന്റെ വ്യക്തമായ തെളിവാണ് കൊടിസുനിയുടെ ഫോണ്‍ സംഭാഷണം. താമരശ്ശേരി പൊലീസിന് മജീദ് കൊഴിശേരിയുടെ കുടുംബം ഇന്ന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കൊടി സുനിയുമായി ബന്ധമുള്ള സംഘം ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരെ ജയിലില്‍ നിന്ന് കൊടി സുനി നിയന്ത്രിക്കുന്നുവെന്നും മജീദ് ആരോപിക്കുന്നുണ്. കുറച്ച് ദിവസം മുമ്പ് ഒന്നേകാല്‍ കിലോ സ്വര്‍ണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് മജീദിനെ ഒരു സംഘം സന്ദര്‍ശിച്ചിരുന്നു. തിരിച്ചറിയല്‍ രേഖകളില്ലാതെ സ്വര്‍ണം വാങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ച് ഇത് നിരാകരിച്ചതോടെയാണ് ജയിലില്‍ നിന്ന് കൊടി സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയത്.
സ്വര്‍ണം വാങ്ങുകയോ ഖത്തറില്‍ നിന്ന് മറ്റൊരിടത്തേക്ക് കടത്താന്‍ സൗകര്യം ചെയ്തു തരുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് കൊടി സുനിയുടെ സംഘം മജീദിനെ സമീപിച്ചത്. ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തി ഇടനിലക്കാരനെന്ന വ്യാജേന വിമാനത്താവളത്തില്‍ നിന്ന് കൈക്കലാക്കി മറിച്ചുവില്‍ക്കുന്ന സംഘവുമായാണ് കൊടി സുനിയുടെ പ്രവര്‍ത്തനം.
ടിപി വധക്കേസ് സിപിഎമ്മിനെ രാഷ്ട്രീയമായി എക്കാലവും വേട്ടയാടുമെന്നിരിക്കെ സിപിഎം ബന്ധമാരോപിക്കുന്ന പ്രതികള്‍ക്ക് ജയിലില്‍ കിട്ടുന്ന സര്‍വ്വ സന്നാഹമാണ് പിണറായി സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുക. ടിപി കേസ് പ്രതികളുടെ സ്വന്തം നിലയ്ക്കുള്ള ക്വട്ടേഷനുകള്‍ അവസാനിപ്പിക്കാന്‍ സിപിഎം നേരിട്ട് ഇടപെടാന്‍ ഒരുങ്ങുന്നതിന് ഇടയിലാണ് പുതിയ പരാതി. ജയിലുകളുടെ ഭരണച്ചുമതല ഡിജിപി ഋഷിരാജ് സിംഗിനെ ഏല്‍പ്പിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാനും ജയിലില്‍ റെയ്ഡ് നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടതുമെല്ലാം നടപടികള്‍ കര്‍ശനമാക്കാനാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ ഋഷിരാജ് സിങും യതീഷ് ചന്ദ്രയും നേരിട്ട് നടത്തിയ റെയ്ഡുകളില്‍ കൊടി സുനിയില്‍ നിന്നും മുഹമ്മദ് ഷാഫിയില്‍ നിന്നും മൊബൈല്‍ പിടിച്ചെടുക്കുകയും ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.