Around us

കോണ്‍ഗ്രസിനെ തള്ളി ‘മലപ്പുറം വിഭജനമെന്ന എസ്ഡിപിഐ ആവശ്യത്തിനൊപ്പം’ ലീഗ് സഭയില്‍ ; നിരസിച്ച് സര്‍ക്കാര്‍ 

THE CUE

മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറാണ് ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍ദേശം അശാസ്ത്രീയമാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇപി ജയരാജന്‍ സഭയില്‍ മറുപടി നല്‍കി. ജനസംഖ്യാനുസൃതമായ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് ലീഗ്, ജില്ലാ വിഭജനം മുന്നോട്ടുവെച്ചത്. 44 ലക്ഷമാണ് മലപ്പുറത്തെ ജനസംഖ്യ. എന്നാല്‍ ഇതിന് അനുസരിച്ച് വികസനം ജില്ലയിലുണ്ടാകുന്നില്ല. പഞ്ചായത്ത് താലൂക്ക് വിഭജനം പോലെ കണ്ടാല്‍ മതിയെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

വയനാടിനേക്കാള്‍ 37 ലക്ഷം പേരും തിരുവനന്തപുരത്തേക്കാള്‍ 12 ലക്ഷം പേരും മലപ്പുറത്തുണ്ടെന്ന് ഓര്‍ക്കണമെന്നും കെഎന്‍എ ഖാദര്‍ വിശദീകരിച്ചു. എന്നാല്‍ ഇപ്പോഴുള്ള വികേന്ദ്രീകൃത ഭരണരീതി ഫലപ്രദമാണെന്നും ഈ നിര്‍ദേശം അശാസ്ത്രീയമാണെന്നുമായിരുന്നു ഇപി ജയരാജന്റെ മറുപടി. മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ട് നേരത്തേ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലീഗ് നേതൃത്വം തടയിട്ടിരുന്നു. യുഡിഎഫും സബ്മിഷന് അനുമതി നല്‍കിയില്ല. വിഭജനത്തോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നതാണ് കാരണം.

യുഡിഎഫ് കാലത്ത് ഈ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത് ഇതുമൂലമാണ്‌. മുന്നണിയില്‍ മതിയായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യം സഭയില്‍ ഉന്നയിച്ചാല്‍ മതിയെന്ന ധാരണയില്‍ ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ ലീഗിന്റെ അനുമതി ലഭിച്ചതോടെയാണ് കെഎന്‍എ ഖാദര്‍ ഈ ആവശ്യം ഉന്നയിച്ചത്. ലീഗിന്റെ ആവശ്യം തള്ളി മലപ്പുറത്തുനിന്ന് തന്നെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് നേരത്തെ രംഗത്തെത്തിയിരുന്നു.

എസ്ഡിപിഐ ഉയര്‍ത്തിയ ആവശ്യത്തിന് പിന്നാലെ പോകേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നായിരുന്നു ആര്യാടന്റെ നിലപാട്. ജനസംഖ്യാനുസൃതമായാണ് പ്ലാന്‍ ഫണ്ട് വിഭജിക്കുക. ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ ഗുണം ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും ആര്യാടന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആര്യാടന്റെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നായിരുന്നു കെഎന്‍എ ഖാദറിന്റെ മറുപടി.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT