Around us

'സിപിഎം സൈബര്‍ സംഘങ്ങളുടെ ഹീനമായ പ്രചരണം'; പിണറായി വിജയനെതിരെ തന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ കമന്റെന്ന് കെ.കെ രമ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ ഇട്ടതെന്ന പേരില്‍ പ്രചരിച്ച വ്യാജ സ്‌ക്രീന്‍ ഷോട്ടിന് മറുപടിയുമായി കെ.കെ രമ. സൈബര്‍ കൊടിസുനിമാര്‍ സൃഷ്ടിക്കുന്ന നുണപ്രളയങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളെ പോലുള്ളവര്‍ പകച്ചുപോകുമെന്ന് കരുതുന്ന വിധേയ വിഡ്ഢികള്‍ ഇപ്പോഴുമുണ്ടെന്നുള്ളത് അമ്പരിപ്പിക്കുന്നുവെന്ന് കെ.കെ രമ പറഞ്ഞു. പിണറായി വിജയനെതിരെ മോശമായ ഭാഷയില്‍ കമന്റ് രേഖപ്പെടുത്തിയെന്ന പേരില്‍ സി.പി.എം സൈബര്‍ സംഘങ്ങള്‍ തനിക്കെതിരെ ഹീനമായ പ്രചാരണം നടത്തുകയാണെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ രമ.

കെ.കെ രമയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നെന്ന പേരിലുള്ള സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. '' അത് നിനക്ക് പാണനായി വിജയന്റെ മോന്ത മാത്രം കണ്ട് ശീലിച്ചത് കൊണ്ട് തോന്നുന്നതാ,'' എന്ന പേരില്‍ അധിക്ഷേപകരമായ കമന്റ് രമ രേഖപ്പെടുത്തിയെന്ന രീതിയില്‍ ചിത്രീകരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിച്ചത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം കൊലയാളികള്‍ക്കും, കൊല്ലിച്ചവര്‍ക്കുമെതിരെ നിര്‍ഭയം നിലയുറപ്പിച്ചതു മുതല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ വ്യക്തിഹത്യയുടേയും വ്യാജ ആരോപണങ്ങളുടേയും പട്ടികയില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചരണമെന്നും കെ.കെ രമ പറഞ്ഞു.

കെ.കെ രമ പറഞ്ഞത്

പ്രിയരേ,

എന്റെ ഫെയ്‌സ്ബുക്ക് പേജ് പോസ്റ്റ് ചെയ്ത ഒരു കമന്റ് എന്ന രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വ്യാജസ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച് സിപിഎം സൈബര്‍ സംഘങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹീനമായ സംഘടിത പ്രചരണം നടത്തിവരുന്നത് ശ്രദ്ധയില്‍ പെടുകയുണ്ടായി.

പിണറായി വിജയനെതിരെ മോശമായ ഭാഷയില്‍ കമന്റ് രേഖപ്പെടുത്തിയെന്ന പേരിലാണ് സിപിഎം സൈബര്‍സംഘങ്ങള്‍ ഈ പ്രചരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

സ:ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം കൊലയാളികള്‍ക്കും, കൊല്ലിച്ചവര്‍ക്കുമെതിരെ നിര്‍ഭയം നിലയുറപ്പിച്ചതു മുതല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ക്രൂരമായ വ്യക്തിഹത്യയുടേയും വ്യാജ ആരോപണങ്ങളുടേയും പട്ടികയില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചരണം. ഇക്കാര്യത്തില്‍ എനിക്ക് അത്ഭുതമൊന്നുമില്ല.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞതായി ആരോപിച്ച് സിപിഎം ഉന്നതനേതൃത്വത്തിന്റെ ഗൂഢാലോചനയില്‍ ഒരു വ്യാജശബ്ദരേഖയുണ്ടാക്കി തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ പാര്‍ട്ടി ചാനലുപയോഗിച്ച് ഒരു മുഴുദിനം പ്രക്ഷേപണം ചെയ്യാന്‍ മനസ്സറപ്പില്ലാത്തവര്‍ക്ക് എന്താണ് ചെയ്തുകൂടാത്തത്? അതുസംബന്ധിച്ച് നല്‍കിയ പരാതികള്‍ക്കൊക്കെ എന്ത് സംഭവിച്ചുകാണുമെന്ന് തീര്‍ച്ചയായും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. സിപിഎം സൈബര്‍ സംഘങ്ങളുടെ മോബ് ലിഞ്ചിംഗിനും, സൈബര്‍ ആക്രമണങ്ങള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കുമെല്ലാം ഒരു പതിറ്റാണ്ട് കാലമായി നിരന്തരം വിധേയരായിത്തീരുന്ന ഞങ്ങള്‍

പോലീസില്‍ നല്‍കിയ പരാതിയിലൊന്നുപോലും ഗൗരവത്തിലെടുക്കാന്‍ ഈ കാലംവരെ പോലീസ് തയ്യാറായിട്ടില്ല.

ഭരണസൗകര്യങ്ങള്‍ കൂടി ഉപയോഗിച്ചുകൊണ്ടാണ് ഈ കടന്നാക്രമണങ്ങളൊക്കെ സിപിഎം സംഘങ്ങള്‍ നടത്തുന്നതെന്നത് വ്യക്തമാണ്.

ഇപ്പോള്‍ ആരോപിക്കുന്ന പോലെ, പിണറായി വിജയനെതിരെ എന്റെ ഫേസ്ബുക് പേജ് ഉപയോഗിച്ച് മാന്യമല്ലാത്ത ഭാഷയില്‍ ഞാന്‍ എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമെന്ന ആശങ്ക കൊണ്ടല്ല ഇത്തരമൊരു വിശദീകരണം. മറിച്ച് ക്രൂരമായ വേട്ടയുടെ നൈരന്തര്യം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാത്രമാണ് ഈ കുറിപ്പ്. ഈ സത്യാനന്തര കാലത്ത് ക്ലാസിക്കല്‍ ഫാസിസ്റ്റുകളെ നാണിപ്പിക്കും വിധം സംഘടിത നുണ പ്രചരണം വഴി വിയോജിപ്പുകളെ നായാടുന്ന സിപിഎം നെറികേടുകള്‍ തന്നെയാണ് ഇവിടെ നഗ്‌നമാക്കപ്പെടുന്നത്.

സൈബര്‍ കൊടിസുനിമാര്‍ സൃഷ്ടിക്കുന്ന നുണപ്രളയങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളെ പോലുള്ളവര്‍ പകച്ചുപോകുമെന്ന് കരുതുന്ന വിധേയ വിഡ്ഢികള്‍ ഇപ്പോഴുമുണ്ടെന്നത് തീര്‍ച്ചയായും അമ്പരപ്പിക്കുന്നുണ്ട്

പിണറായി വിജയനും സര്‍ക്കാറിനുമെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറ്റാനാണ് ഈ ശ്രമങ്ങള്‍ എന്നത് വ്യക്തമാണ്.

ജനവിരുദ്ധതയും,

ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയായുള്ള ഒരു സര്‍ക്കാറിനും അതിന്റെ നേതൃത്വത്തിനുമെതിരായ നിശിതമായ ഞങ്ങളുടെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ തുടരുക തന്നെ ചെയ്യും.

ഏറ്റവും ജനാധിപത്യമാന്യതയുള്ള ഭാഷയുമായി കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ആ വിമര്‍ശനങ്ങള്‍ കണിശമായും കൃത്യമായും രേഖപ്പെടുത്തിപ്പോരുന്ന ഞങ്ങള്‍ക്ക് എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നതിന് സിപിഎം സൈബര്‍ശൈലി കടംകൊള്ളേണ്ട കാര്യമില്ലെന്ന് മാത്രം വ്യക്തമാക്കട്ടെ.

ഒരു തിരുത്തോ ഖേദപ്രകടനമോ പോലുമില്ലാതെ രാഷ്ട്രീയ എതിരാളികളെയും തങ്ങളോട് വിയോജിക്കുന്നവരെയും സിപിഎം നേതാക്കളില്‍ തന്നെ പലരും നടത്തിയ അസഭ്യവര്‍ഷങ്ങളും അവഹേളന പരാമര്‍ശങ്ങളുമൊന്നും ആരും മറന്നിട്ടില്ല.

രാഷ്ട്രീയ വിമര്‍ശനം എങ്ങിനെ വേണമെന്ന് ഇവരില്‍ നിന്ന് പഠിക്കേണ്ട ഗതികേട് തീര്‍ച്ചയായും ജനാധിപത്യ ബോധ്യമുള്ള ഒരു മനുഷ്യനുമുണ്ടാകില്ല. സിപിഎം സൈബര്‍ ക്രിമിനലുകള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ ഷോട്ടുമായി എനിക്കോ, എന്റെ ഓഫീസിനോ, പ്രസ്ഥാനത്തിനോ യാതൊരു ബന്ധവുമില്ലെന്നും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നടത്തുന്ന ഈ വ്യാജ പ്രചരണങ്ങള്‍ക്കും വ്യക്തിഹത്യക്കുമെതിരെ തീര്‍ച്ചയായും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കട്ടെ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT